സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ് പ്രവർത്തകർ; സമരക്കാരും പോലീസും തമ്മിൽ സംഘർഷം
Saturday, May 20, 2023 3:19 PM IST
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ തലസ്ഥാന നഗരം സമരമുഖമാക്കി പ്രതിപക്ഷം. സർക്കാരിനെതിരേ യുഡിഎഫ് നടത്തുന്ന സെക്രട്ടേറിയറ്റ് വളയൽ സമരം തലസ്ഥാനത്ത് ഇന്നു നടക്കുന്നത്.
എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിനും ജനദ്രോഹത്തിനും അഴിമതിക്കും നികുതി കൊള്ളയ്ക്കുമെതിരേയാണ് സമരം. യുഡിഎഫ് സമരത്തിൽ മുന്നണിയിലെ എംഎൽഎമാരും എംപിമാരും ഘടകകക്ഷി നേതാക്കളും പങ്കെടുക്കുന്നുണ്ട്.
വിവിധ ജില്ലകളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും വെള്ളിയാഴ്ച രാത്രിയോടെതന്നെ തലസ്ഥാന നഗരത്തിൽ എത്തിയിരുന്നു. രാവിലെ ഏഴോടെ സെക്രട്ടേറിയറ്റിന് പുറത്തുള്ള റോഡ് പ്രവർത്തകർ വളഞ്ഞു.
കർണാടകയിൽ കോണ്ഗ്രസിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് നടക്കുന്നതിന്റെ സന്തോഷവും ആത്മവിശ്വാസവും കൈമുതലാക്കിയാണ് കേരളത്തിലെ കോണ്ഗ്രസ് നേതാക്കളും പ്രവർത്തകരും സമരത്തിൽ പങ്കാളികളാകാനെത്തിയത്.
കന്റോണ്മെന്റ് ഗേറ്റ് ഒഴികെ മറ്റെല്ലാ ഗേറ്റുകളും സമരക്കാർ വളഞ്ഞു. കന്റോണ്മെന്റ് ഗേറ്റിന്റെ നിയന്ത്രണം പൂർണമായും പോലീസ് ഏറ്റെടുത്തു. കന്റോണ്മെന്റ് ഗേറ്റ് ഉപരോധിച്ച് സമരം ചെയ്യില്ലെന്ന് യുഡിഎഫ് നേതൃത്വം പോലീസിനെ അറിയിച്ചിരുന്നു.
സെക്രട്ടേറിയറ്റിലെ ജീവനക്കാരെല്ലാം കന്റോണ്മെന്റ് ഗേറ്റ് വഴിയാണ് അകത്തേക്ക് കടന്നത്. ജീവനക്കാരുടെ ഐഡി കാർഡുകൾ പോലീസും സുരക്ഷാ ജീവനക്കാരും പരിശോധിച്ചാണ് അകത്തേക്ക് കടത്തിവിട്ടത്.
ഏത് പാർട്ടിക്കാരും സംഘടനകളും സമരം നടത്തിയാലും കന്റോണ്മെന്റിന് മുന്നിൽ സമരം നടത്താൻ അനുമതി നൽകാറില്ല. യുഡിഎഫ് സർക്കാരിന്റെ കാലത്ത് എൽഡിഎഫ് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധത്തിൽ കന്റോണ്മെന്റ് ഗേറ്റ് ഉപരോധിക്കാൻ ശ്രമിച്ചത് ഏറെ വിമർശനങ്ങൾക്കു വഴിവച്ചിരുന്നു.
സമരത്തെ തുടർന്ന് ഇന്ന് രാവിലെ മുതൽ എംജി റോഡിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പാളയത്തുനിന്നു കിഴക്കേകോട്ടയിലേക്ക് പോകുന്ന വാഹനങ്ങൾ വഴിതിരിച്ച് വിട്ടു. യുഡിഎഫിന്റെ സമരം ആരംഭിക്കുന്നതിന് മുന്നോടിയായി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വിമർശനം ഉന്നയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന് തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരുമെന്നും സർക്കാരിനെതിരെയുള്ള വലിയ അഴിമതിക്കഥകൾ വൈകാതെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി സർക്കാർ ധൂർത്തും അഴിമതിയും കൊണ്ട് കേരളത്തെ തകർത്തു.
മുഖ്യമന്ത്രി ഭീരു ആയതിനാലാണ് പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾക്ക് മറുപടി പറയാത്തത്. സർക്കാരിന് ജനം പാസ്മാർക്ക് പോലും നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിണറായി സർക്കാരിനെതിരെയാ കുറ്റപത്രം ഉപരോധ സമരത്തിൽ വായിക്കുമെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.
പോലീസും സമരക്കാരും തമ്മിൽ സംഘർഷം
യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരത്തിനിടെ സമരക്കാരും പോലീസും തമ്മിൽ സംഘർഷം. കന്റോണ്മെന്റ് ഗേറ്റിന് പുറമെ മറ്റ് ഗേറ്റിലൂടെ ജീവനക്കാരെ പോലീസ് കടത്തിവിട്ടതാണ് സമരക്കാരെ പ്രകോപിപ്പിച്ചത്.
പോലീസുമായി ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് കുടുതൽ പ്രവർത്തകർ കന്റോണ്മെന്റ് ഗേറ്റിന് സമീപത്തെത്തി. സെക്രട്ടേറിയറ്റിനകത്തേക്ക് ഇനി ആരെയും കടത്തി വിടില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ.
സെക്രട്ടേറിയറ്റ് വളയലാണ് തങ്ങൾ ആഹ്വാനം ചെയ്തതെന്നും ജീവനക്കാരെ കയറ്റിവിട്ട് സമരത്തെ തകർക്കാൻ അനുവദിക്കില്ലെന്നും നേതാക്കൾ പറഞ്ഞു.