കെഫോണ്‍ പദ്ധതി ഉദ്ഘാടനം ജൂണ്‍ അഞ്ചിന്
Friday, May 19, 2023 10:14 PM IST
തിരുവനന്തപുരം: കെഫോണിന്റെ ഉദ്ഘാടനം ജൂണ്‍ അഞ്ചിന്. എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ കെ ഫോൺ പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം കെഫോണ്‍ മുഖേന ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിലവിൽ 18000 ഓളം സർക്കാർ സ്ഥാപനങ്ങളിൽ കെഫോണ്‍ മുഖേന ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ 748 കണക്ഷൻ നൽകി.
വിജ്ഞാന സന്പദ് വ്യവസ്ഥയിൽ ഊന്നുന്ന നവകേരള നിർമിതിക്കായുള്ള പരിശ്രമത്തിനു അടിത്തറയൊരുക്കുന്ന പദ്ധതിയായി കെഫോണ്‍ മാറും. വൈദ്യുതി, ഐടി വകുപ്പുകൾ വഴി എൽഡിഎഫ് സർക്കാർ വിഭാവനം ചെയ്യുന്ന കെ ഫോണ്‍ പദ്ധതി സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റൽ ഡിവൈഡ് മറികടക്കാൻ സഹായകമാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.