കാസർഗോട്ട് യുവതിക്ക് നേരെ നഗ്നതാപ്രദർശനം; പ്രതി പിടിയിൽ
Friday, May 19, 2023 8:31 PM IST
കാസർഗോഡ്: കാഞ്ഞങ്ങാട്ട് റോഡിന് നടുവിൽ വച്ച് യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ വ്യാപാരി പിടിയിൽ. പൂടങ്കല്ല് സ്വദേശി കൊല്ലറങ്കോട് അർഷാദ് (31) ആണ് അറസ്റ്റിലായത്.
നഗരത്തിൽ പഴക്കച്ചവടം നടത്തുന്ന അർഷാദ് ഇന്ന് രാവിലെയാണ് വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന നഴ്സിന് നേരെ അതിക്രമം നടത്തിയത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ യുവതി കോട്ടച്ചേരിയിൽ ബസ് ഇറങ്ങിയ ശേഷം നടന്നുപോകുന്ന വേളയിൽ പ്രതി തന്റെ വാഹനത്തിന് സമീപം നിന്ന് നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു.
സംഭവം നടന്നയുടൻ ഇയാൾ വാഹനവുമായി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. വാഹനത്തിന്റെ നമ്പർ കുറിച്ചെടുത്ത യുവതി പോലീസിൽ പരാതി നൽകിയതോടെ ഇയാളെ നഗരത്തിൽ നിന്ന് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്കൂള്‍ വിദ്യാർഥിക്ക് നേരെ നഗ്നത പ്രദര്‍ശനം നടത്തിയ കുറ്റത്തിന് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.