കോര്‍പറേഷന്റെ മാലിന്യവണ്ടികള്‍ തടഞ്ഞത് ക്രിമിനല്‍ കേസ് എടുക്കേണ്ട നടപടി: കൊച്ചി മേയര്‍
Thursday, May 18, 2023 4:14 PM IST
കൊച്ചി: മാലിന്യങ്ങളുമായി ബ്രഹ്മപുരത്തേയ്ക്ക് പോയ കോര്‍പറേഷന്റെ ലോറി തടഞ്ഞ സംഭവം നിര്‍ഭാഗ്യകരമെന്ന് കൊച്ചി മേയര്‍ എം.അനില്‍കുമാര്‍. ക്രിമിനല്‍ കേസ് എടുക്കേണ്ട നടപടിയാണിതെന്നും മേയര്‍ പ്രതികരിച്ചു.
മന്ത്രിമാര്‍ അടക്കം പങ്കെടുത്ത ഉന്നതതലയോഗത്തിന്റെ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇത്. ബോധപൂര്‍വമായ രാഷ്ട്രീയ നടപടിയാണ് തൃക്കാക്കര നഗരസഭ ചെയ്യുന്നതെന്നും മേയര്‍ വിമര്‍ശിച്ചു
ഇന്ന് രാവിലെയാണ് ബ്രഹ്മപുരത്തേയ്ക്ക് പോയ് കൊച്ചി കോര്‍പറേഷന്റെ മാലിന്യലോറി ചെമ്പുമുക്കില്‍ വച്ച് തടഞ്ഞത്. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് കോര്പറേഷന് ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോകുന്നതെന്ന് അജിത പറഞ്ഞു. കോര്പറേഷന് മാലിന്യം കൊണ്ടു പോകുന്നുണ്ടെങ്കില്‍ തൃക്കാക്കര നഗരസഭയിലെ മാലിന്യവും കൊണ്ടുപോകണം.
കൊച്ചി കോര്‍പറേഷന്റെ മാത്രം മാലിന്യം കൊണ്ടുപോകാനാണ് തീരുമാനമെങ്കില്‍ മാലിന്യവണ്ടി തൃക്കാക്കരയിലൂടെ കടത്തിവിടില്ലെന്നും അജിത പറഞ്ഞു.