കണക്കിലെ കളി മുറുകുന്നു; പഞ്ചാബിനെ പിടിച്ചിട്ട് ഡൽഹി
Wednesday, May 17, 2023 11:45 PM IST
ധരംശാല: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏതൊക്കെ ടീമുകൾ പ്ലേഓഫ് ഉറപ്പിക്കുമെന്നതിൽ അനിശ്ചിതത്വം തുടരുന്നു. ജയം നേടി പ്ലേഓഫിന് അരികിലെത്താൻ കൊതിച്ച പഞ്ചാബ് കിംഗ്സിനെ ഡൽഹി ക്യാപിറ്റൽസ് 15 റൺസിന് വീഴ്ത്തിയതോടെ പോയിന്റ് ടേബിൾ വീണ്ടും മുറുകി.
റൈലി റൂസോയുടെ(82*) കരുത്തിൽ ക്യാപിറ്റൽസ് ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിംഗ്സിന് 198 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. 94 റൺസ് നേടിയ ലിയാം ലിവിംഗ്സ്റ്റൺ ഏകാന്ത പോരാളിയായപ്പോൾ കിംഗ്സിന് വിജയം അകന്നുനിന്നു.
ജയത്തോടെ 10 പോയിന്റുമായി ലീഗിൽ ഒമ്പതാം സ്ഥാനത്താണ് ക്യാപിറ്റൽസ്. കിംഗ്സ് 12 പോയിന്റുമായി എട്ടാം സ്ഥാനത്ത് തുടരുന്നു. ആർസിബി, രാജസ്ഥാൻ റോയൽസ്, കെകെആർ എന്നീ ടീമുകൾക്കും 12 പോയിന്റുണ്ട്.
സ്കോർ:
ഡൽഹി ക്യാപിറ്റൽസ് 213/2(20)
പഞ്ചാബ് കിംഗ്സ് 198/8(20)
ജയത്തിലേക്ക് ബാറ്റ് വീശാൻ ശ്രമിച്ച കിംഗ്സിനായി 48 പന്ത് നീണ്ടുനിന്ന ഇന്നിംഗ്സിൽ അഞ്ച് ഫോറുകളും ഒമ്പത് സിക്സറുകളുമാണ് ലിവിംഗ്സ്റ്റൺ പായിച്ചത്. അവസാന ഓവറിൽ ജയിക്കാനായി 33 റൺസ് വേണ്ടിയിരുന്ന ടീമിനായി താരം അവസാന പന്ത് വരെ പൊരുതിയെങ്കിലും ശ്രമം വിഫലമായി. 55 റൺസ് നേടിയ അഥർവ തൈഥെ ചേസിനിടെ പരിക്കേറ്റ് പിന്മാറിയതും ടീമിന് തിരിച്ചടിയായി.
നായകൻ ശിഖർ ധവാൻ, ജിതേഷ് ശർമ, ഹർപ്രീത് ബ്രാർ എന്നിവർ സംപൂജ്യരായി ആണ് മടങ്ങിയത്. 22 റൺസ് നേടിയ പ്രഭ്സിമ്രൻ സിംഗ് രണ്ടാം വിക്കറ്റിൽ തൈഥെയ്ക്കൊപ്പം ചേർന്ന് പൊരുതാൻ ശ്രമിച്ചെങ്കിലും പോരാട്ടം അധികനേരം നീണ്ടുനിന്നില്ല. ക്യാപിറ്റൽസ് ബൗളർമാർ റൺസ് വിട്ടുനൽകിയെങ്കിലും മികച്ച സ്കോർ കൈവശമുള്ളതിനാൽ കാര്യങ്ങൾ അനുകൂലമായി.
ഇഷാന്ത് ശർമ, ആന്റിക് നോർക്യെ എന്നിവർ രണ്ട് വിക്കറ്റ് വീതവും അക്സർ പട്ടേൽ, ഖലീൽ അഹ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ, ടോസ് നേടിയിട്ടും ക്യാപിറ്റൽസിനെ ബാറ്റിംഗിനയച്ച ധവാന്റെ തീരുമാനത്തെ ചോദ്യംചെയ്യുന്ന രീതിയിൽ പൃഥ്വി ഷാ(38 പന്തിൽ 54), ഡേവിഡ് വാർണർ(31 പന്തിൽ 46) എന്നിവർ കത്തിക്കയറിയതോടെ സ്കോർ അതിവേഗം ഉയർന്നിരുന്നു. 10.2-ാം ഓവറിൽ ടീം സ്കോർ 94-ൽ നിൽക്കെയാണ് വാർണർ പുറത്തായത്.
പിന്നാലെയെത്തിയ റൂസോ 37 പന്തിൽ ആറ് വീതം സിക്സും ഫോറും പായിച്ച് അജയ്യനായി നിന്നു. ഫിൽ സോൾട്ട് 14 പന്തിൽ 26 റൺസ് നേടി. സാം കറൻ ആണ് കിംഗ്സിനായി രണ്ട് ക്യാപിറ്റൽസ് വിക്കറ്റുകളും പിഴുതത്.