ഹിപ്പൊപൊട്ടാമസിനെ ഇടിച്ച് ബോട്ട് മറിഞ്ഞു; കുട്ടി മരിച്ചു
Wednesday, May 17, 2023 1:01 PM IST
ലിലോംഗ്വെ: ആഫ്രിക്കൻ രാജ്യമായ മലാവിയിലെ നദിയിൽ ബോട്ട് ഹിപ്പൊപൊട്ടാമസിന്റെ ശരീരത്തിൽ തട്ടിമറിഞ്ഞ് കുട്ടി മരിച്ചു. ബോട്ടിലുണ്ടായിരുന്ന 23 യാത്രികരെ കാണാതായി.
രാജ്യത്തിന്റെ ദക്ഷിണ മേഖലയിലുള്ള എൻസാൻജെ ജില്ലയിലാണ് അപകടം നടന്നത്. ഷൈർ നദിയിലൂടെ 37 യാത്രികരുമായി സഞ്ചരിക്കുകയായിരുന്ന തടിബോട്ട് ഹിപ്പോയുടെ ശരീരത്തിൽ തട്ടി മുങ്ങുകയായിരുന്നു.
പ്രദേശവാസികൾ ചേർന്ന് 13 യാത്രികരെ രക്ഷപ്പെടുത്തി. ഒരു വയസുകാരനായ കുട്ടിയുടെ മൃതദേഹം നദിയിൽ നിന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.