യാത്രികരെ ഞെട്ടിച്ച് ഓസ്ട്രിയൻ ട്രെയിനിൽ ഹിറ്റ്ലറുടെ പ്രസംഗം!
Tuesday, May 16, 2023 4:19 AM IST
വിയന്ന: ഓസ്ട്രിയൻ ഫെഡറൽ റെയിൽവേ നെറ്റ്വർക്കിലെ ഒരു തീവണ്ടിയിൽ ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെ പ്രസംഗം പ്രക്ഷേപണം ചെയ്തു. യാത്രികരെ ഞെട്ടിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത ഈ സംഭവം ഞായറാഴ്ചയാണ് നടന്നത്.
ബ്രെഗെൻസ് - വിയന്ന റൂട്ടിൽ സർവീസ് നടത്തുന്ന ഒബിബി റെയിൽജെറ്റ് 661 തീവണ്ടിയിലാണ് സംഭവം നടന്നത്. തീവണ്ടിക്കുള്ളിലെ സ്പീക്കർ സംവിധാനത്തിലൂടെ ഹിറ്റ്ലറുടെ പ്രകോപനപരമായ പ്രസംഗത്തിന്റെ 30 സെക്കൻഡ് നീണ്ടുനിൽക്കുന്ന ഭാഗമാണ് ആദ്യം പ്രക്ഷേപണം ചെയ്തത്. തുടർന്ന് ഹിറ്റ്ലർ, നാസി അനുകൂല മുദ്രാവാക്യങ്ങളും സ്പീക്കറിലൂടെ യാത്രികർ കേട്ടു.
പ്രസംഗം കേട്ടയുടൻ യാത്രികർ കൂട്ടമായി ഇതിനെതിരെ പ്രതികരിക്കാൻ ആരംഭിച്ചു. നാസി കോൺസെൻട്രേഷൻ ക്യാമ്പിൽ തടവുകാരിയായിരുന്ന ഒരു സ്ത്രീയും ഈ സമയം തീവണ്ടിയിൽ യാത്ര ചെയ്തിരുന്നു. നാസി മുദ്രാവാക്യം കേട്ടയുടൻ ഇവർ അതീവ അസ്വസ്ഥയായെന്ന് സഹയാത്രികർ അറിയിച്ചു.
റെയിൽവേ കമ്പനിക്ക് സംഭവത്തിൽ ഉത്തരവാദിത്വമില്ലെന്നും ചിലർ തീവണ്ടിക്കുള്ളിലെ ഇന്റർകോമിലൂടെ പ്രസംഗശകലം പ്രക്ഷേപണം ചെയ്യുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു.