കർണാടകയിൽ ജെഡിഎസുമായി ചർച്ചയില്ലെന്ന് കോൺഗ്രസ്
Friday, May 12, 2023 7:44 PM IST
ന്യൂഡൽഹി: കർണാടക നിയമസഭ തെരഞ്ഞെടുപ്പു ഫലത്തിന് ഒരു ദിവസം മുൻപ് തന്നെ ജെഡിഎസുമായി ചർച്ചയില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ്. തൂക്കുസഭ ഉണ്ടായാൽ എച്ച്.ഡി. കുമാരസ്വാമിയുടെ ജെഡിഎസ് പാർട്ടിക്ക് വലിയ പങ്കുണ്ട് എന്ന റിപ്പോർട്ടുകൾക്കിടയിലാണ് കോൺഗ്രസ് അത് നിഷേധിച്ചത്.
തന്റെ പാർട്ടി ഭൂരിപക്ഷം നേടുമെന്നും സംഖ്യയുടെ അടിസ്ഥാനത്തിൽ തങ്ങളുടെ നീക്കങ്ങൾ ശനിയാഴ്ച തീരുമാനിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കുമെന്ന് പല എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. 113 ഭൂരിപക്ഷമുള്ള 224 അംഗ നിയമസഭയിൽ 150 ഓളം സീറ്റുകൾ നേടാനാകുമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.
കോൺഗ്രസ് ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കുമെന്നും ജെഡിഎസുമായി ബിജെപി കൂട്ടുകൂടുന്നതിനെക്കുറിച്ച് പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.