വേഗപരിധി ലംഘനം; കാന്റർബറി ആർച്ച്ബിഷപ്പിന് പിഴയിട്ട് ട്രാഫിക് പോലീസ്
Friday, May 12, 2023 7:21 PM IST
ലണ്ടൻ: വേഗപരിധി ലംഘിച്ച് കാറോടിച്ച കാന്റർബറി ആർച്ച്ബിഷപ്പ് റവ. ജസ്റ്റിൻ വെൽബിക്ക് 500 പൗണ്ട് പിഴ വിധിച്ച് ലണ്ടൻ ട്രാഫിക് പോലീസ്. കുറ്റസമ്മതം നടത്തിയ ബിഷപ്പ് പിഴ ഒടുക്കാമെന്ന് കോടതിയെ അറിയിച്ചു.
2022 ഒക്ടോബറിൽ നടന്ന സംഭവത്തിൽ ഈയിടെയാണ് പിഴ നോട്ടീസ് പുറപ്പെടുവിച്ചത്. 20 എംപിഎച്ച് വേഗപരിധി നിശ്ചയിച്ചിട്ടുള്ള ലണ്ടൻ നഗരത്തിലെ ആൽബെർട്ട് എംബാങ്ക്മെന്റ് മേഖലയിൽ വച്ച് ബിഷപ്പിന്റെ കാർ 25 എംപിഎച്ച് സ്പീഡിൽ സഞ്ചരിച്ചെന്ന് ട്രാഫിക് കാമറ കണ്ടെത്തിയിരുന്നു.
നോട്ടീസ് ലഭിച്ചയുടൻ കോടതിയുടെ ഓൺലൈൻ സംവിധാനത്തിലൂടെ ബിഷപ്പ് വെൽബി കുറ്റസമ്മതം നടത്തി. തുടർന്ന് 300 പൗണ്ട് പിഴയും മറ്റ് കോടതി ചെലവുകളും ചേർത്ത് 500 പൗണ്ട് പിഴ അടയ്ക്കണമെന്ന് കാട്ടി ബിഷപ്പിനോട് മജിസ്ട്രേറ്റ് അറിയിച്ചു. എന്നാൽ ഓൺലൈൻ സംവിധാനത്തിലെ തകരാർ മൂലം ബിഷപ്പിന് പിഴ അടയ്ക്കാൻ സാധിച്ചില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ആംഗ്ലിക്കൻ സഭയുടെ തലവനായ ബിഷപ്പ് വെൽബിയാണ് ചാൾസ് മൂന്നാമനെ ബ്രിട്ടീഷ് രാജ്യത്തലവനായി വാഴിച്ച ചടങ്ങുകൾ നയിച്ചത്.