ഡോ. വന്ദനയുടെ വീട് സന്ദർശിച്ച് എം.വി. ഗോവിന്ദൻ
Friday, May 12, 2023 7:36 PM IST
കോട്ടയം: അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ വീട് സന്ദർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ആരോഗ്യപ്രവർത്തർക്ക് നേരെയുള്ള ആക്രമണങ്ങൾ തടയാനായി ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഡോ. വന്ദനയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് ഗോവിന്ദൻ പറഞ്ഞു.
ജനകീയ പ്രതിരോധ ജാഥ നടത്തിയ വേളയിൽ ആശുപത്രി സംരക്ഷണ നിയമം വേണമെന്ന ആവശ്യം ഡോക്ടർമാർ തന്നോട് ഉന്നയിച്ചിരുന്നെന്നും കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് ഇതിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ ശക്തമായ നടപടികൾ എടുക്കുമെന്ന് പറഞ്ഞ ഗോവിന്ദൻ, ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ കോൺഗ്രസ് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഗ്ലിസറിൻ പരാമർശം തള്ളിക്കളഞ്ഞു.
ഗ്ലിസറിൻ തേച്ച ശേഷമാണ് ആരോഗ്യമന്ത്രി ഡോ. വന്ദനയുടെ കുടുംബം സന്ദർശിച്ചതെന്ന തിരുവഞ്ചൂരിന്റെ പ്രസ്താവന സർക്കാരിനെതിരായ പ്രചാരവേലയാണെന്ന് ഗോവിന്ദൻ ആരോപിച്ചു.