ക്യാപിറ്റൽസിനെ എറിഞ്ഞിട്ട് ചെന്നൈ
Wednesday, May 10, 2023 11:33 PM IST
ചെന്നൈ: ഡൽഹി ക്യാപിറ്റൽസിനെതിരെ താരതമ്യേന ചെറിയ സ്കോർ മികച്ച ഫീൽഡിംഗിന്റെ സഹായത്തോടെ ഡിഫൻഡ് ചെയ്ത് ചെന്നൈ സൂപ്പർ കിംഗ്സ്. 27 റൺസിന്റെ ജയം നേടിയതോടെ, ലീഗിൽ രണ്ടാം സ്ഥാനത്തുള്ള സിഎസ്കെയ്ക്ക് 12 മത്സരങ്ങളിൽ നിന്ന് 15 പോയിന്റായി.
സ്കോർ:
ചെന്നൈ സൂപ്പർ കിംഗ്സ് 167/8(20)
ഡൽഹി ക്യാപിറ്റൽസ് 140/8(20)
ദുർബലമെന്ന് സ്ഥിരമായി പഴി കേൾക്കുന്ന ബൗളിംഗ് നിരയാണ് സിഎസ്കെയ്ക്ക് വിജയം സമ്മാനിച്ചത്. നാലോവറിൽ 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴത്തിയ ലങ്കൻ പേസർ മതീഷ പതിരനയാണ് ബൗളിംഗ് നിരയെ നയിച്ചത്. മികച്ച റൺഔട്ടുകളും കിടിലൻ ക്യാച്ചുകളുമായി ഫീൽഡർമാരും ടീമിനായി അകമഴിഞ്ഞ പോരാട്ടം കാഴ്ചവച്ചു.
ഡേവിഡ് വാർണർ(0), ഫിൽ സോൾട്ട്(17), മിച്ചൽ മാർഷ്(5) എന്നിവർ വേഗം മടങ്ങിയതോടെ ക്യാപിറ്റൽസ് ചേസിന്റെ താളംതെറ്റിയിരുന്നു. 37 പന്തിൽ 35 റൺസ് നേടിയ റൈലി റൂസോ ആണ് ടീമിന്റെ ടോപ് സ്കോറർ. 16.3-ാം ഓവറിലാണ് ടീം സ്കോർ 100 കടന്നത്. അക്സർ പട്ടേലിന്റെ(21) തുടർ ബൗണ്ടറികളും അവസാന സ്പെല്ലിൽ പതിരന നൽകിയ എക്സ്ട്രാ റൺസുമാണ് ക്യാപിറ്റൽസിന്റെ തോൽവിയുടെ ഭാരം കുറച്ചത്.
നേരത്തെ, പതിഞ്ഞ താളത്തിലാണ് സിഎസ്കെ ബാറ്റിംഗ് നടത്തിയത്. 25 റൺസ് നേടിയ ശിവം ദുബെയാണ് ടീമിന്റെ ടോപ് സ്കോറർ. മൂന്നോവറിൽ 18 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മാർഷും നാലോവറിൽ 27 റൺസ് മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റുകൾ പിഴുത പട്ടേലും ആതിഥേയരെ വരിഞ്ഞുകെട്ടി.
ഒമ്പത് പന്തിൽ രണ്ട് സിക്സും ഒരു ഫോറും പായിച്ച് 20 റൺസ് നേടിയ നായകൻ എം.എസ്. ധോണി, രവീന്ദ്ര ജഡേജ(16 പന്തിൽ 21) എന്നിവരാണ് ടീമിനെ 150 റൺസ് കടത്തിയത്.