മും​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ലെ ത​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ്യക്തിഗത സ്കോ​ർ നേ​ടി സൂ​ര്യ​കു​മാ​ർ യാ​ദ​വ് നി​റ​ഞ്ഞാ​ടി​യ മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ആ​റ് വി​ക്ക​റ്റി​ന്‍റെ ജ​യം. ആ​ർ​സി​ബി ഉ​യ​ർ​ത്തി​യ 200 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 21 പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കെ മും​ബൈ മ​റി​ക​ട​ന്നു.

സ്കോ​ർ:
റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ 199/6(20)
മും​ബൈ ഇ​ന്ത്യ​ൻ​സ് 200/4(16.3)


വെ​റും 35 പ​ന്തി​ൽ ഏ​ഴ് സി​ക്സ​റും ആ​റ് ഫോ​റു​ക​ളും പാ​യി​ച്ച് 83 റ​ൺ​സ് നേ​ടി​യ സ്കൈ ​ആ​ണ് ക​ളി​യി​ലെ കി​ല്ലാ​ടി. ചേ​സി​നി​റ​ങ്ങി​യ ടീ​മി​നെ പ​തി​വ് പോ​ലെ നി​രാ​ശ​യി​ലാ​ക്കി നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ(7) മ​ട​ങ്ങി​യെ​ങ്കി​ലും ഇ​ഷാ​ൻ കി​ഷ​നൊ​പ്പം(21 പ​ന്തി​ൽ 42) ചേ​ർ​ന്ന് സ്കൈ ​സ്കോ​ർ ഉ​യ​ർ​ത്തി. പി​ന്നാ​ലെ​യെ​ത്തി​യ നേ​ഹ​ൽ വ​ധേ​ര(34 പ​ന്തി​ൽ 52) - സ്കൈ ​സ​ഖ്യം ടീ​മി​നാ​യി 140 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

53 റ​ൺസി​ന്‍റെ ഭാ​ര​മു​ള്ള ര​ണ്ട് വി​ക്ക​റ്റു​ക​ൾ വ​നി​ന്ദു ഹ​സ​ര​ങ്ക സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ വി. ​വൈ​ശാ​ഖ് മൂ​ന്ന് ഓ​വ​റി​ൽ 37 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ട് വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി.

നേ​ര​ത്തെ, ഫാ​ഫ് ഡു​പ്ലെ​സി(65), ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ(68) എ​ന്നി​വ​രാ​ണ് ആ​ർ​സി​ബി​യെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്. വി​രാ​ട് കോ​ഹ്‌​ലി(1), അ​നൂ​ജ് റാ​വ​ത്ത്(6) എ​ന്നി​വ​ർ വേ​ഗം മ​ട​ങ്ങി​യ​തി​ന് ശേ​ഷം ആ​ർ​സി​ബി​യു​ടെ വി​ദേ​ശി വെ​ടി​ക്കെ​ട്ട് സ​ഖ്യം 120 റ​ൺ​സ് സ്കോ​ർ​ബോ​ർ​ഡി​ൽ ചേ​ർ​ത്തു. 18 പ​ന്തി​ൽ 30* റ​ൺ​സ് നേ​ടി​യ ദി​നേ​ഷ് കാ​ർ​ത്തി​ക് ടീം ​സ്കോ​ർ 200-ന് ​അ​ടു​ത്തെ​ത്തി​ച്ചു.

നാ​ലോ​വ​റി​ൽ 36 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്ന് വി​ക്ക​റ്റ് നേ​ടി​യ ജേ​സ​ൺ ബെ​റ​ൻ​ഡോ​ഫ് ആ​ണ് മും​ബൈ നി​ര​യി​ലെ മി​ക​ച്ച ബൗ​ള​ർ. വി​ശ്വ​സ്ത ബൗ​ള​ർ പീ​യൂ​ഷ് ചൗ​ള 41 റ​ൺ​സ് വ​ഴ​ങ്ങി നി​രാ​ശ​പ്പെ​ടു​ത്തി.

ജ​യ​ത്തോ​ടെ 12 പോ​യി​ന്‍റു​മാ​യി മും​ബൈ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ർ​ന്നു. 10 പോ​യി​ന്‍റു​ള്ള ആ​ർ​സി​ബി ലീ​ഗി​ൽ ഏ​ഴാം സ്ഥാ​ന​ത്താ​ണ്.