വിവരാവകാശ അപേക്ഷകൾക്ക് അമിത ഫീസ് വാങ്ങിയാൽ നടപടിയെന്ന് കമ്മീഷൻ
Tuesday, May 9, 2023 1:26 AM IST
തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക് മറുപടി നല്കാന് അധിക ഫീസ് ഈടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ. ഹക്കീം.
വിവരാവകാശ നിയമത്തില്‍ നിഷ്കര്‍ഷിക്കുന്ന ഫീസിന് പുറമെ മറ്റേതെങ്കിലും പ്രത്യേക നിയമപ്രകാരം ഫീസ് നല്‍കേണ്ടതില്ല. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ അത്തരത്തില്‍ അധിക ഫീസ് ഈടാക്കുന്നതായി കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. വിവരാവകാശ കമ്മീഷണറിന്റെ അധ്യക്ഷതയില്‍ തലസ്ഥാനത്ത് നടന്ന ഹിയറിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ക്ക് 30 ദിവസം കഴിഞ്ഞ് മറുപടി നല്കിയാല് മതിയെന്ന ഉദ്യോഗസ്ഥരുടെ ധാരണ തെറ്റാണെന്നും അപേക്ഷ ലഭിച്ചാല്‍ അടിയന്തരമായി മറുപടി നല്‍കണമെന്നും കമ്മീഷൻ പറഞ്ഞു.
എന്തെങ്കിലും തടസം നേരിടുന്ന സാഹചര്യത്തില്‍ മാത്രമേ മറുപടി 30 ദിവസം വരെ വൈകാന്‍ പാടുള്ളൂ. അപേക്ഷകന്റെ ജീവനും സ്വാതന്ത്ര്യത്തിനും തടസമുണ്ടെന്ന രീതിയിലുള്ള അപേക്ഷകള്‍ക്ക് 48 മണിക്കൂറിനകം മറുപടി നല്‍കേണ്ടതാണെന്നും വിവരാവകാശ കമ്മീഷന് വ്യക്തമാക്കി.