ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം; സ്വര്‍ണവും പണവും നഷ്ടമായി
Monday, May 8, 2023 9:02 AM IST
വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചു. നെന്മേനി മാടക്കരയിലെ കോല്ക്കുഴിയില് യശോദയുടെ വീട്ടിലാണ് മോഷണം നടന്നത്.
20000 രൂപയും ഏഴ് പവന് സ്വര്‍ണവും നഷ്ടപ്പെട്ടു. അലമാരയിലുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു. മുറിയ്ക്കകത്ത് മുളകുപൊടിയും വിതറിയിരുന്നു.
കഴിഞ്ഞ മാസമാണ് രോഗബാധിതയായ സഹോദരിയെ ശുശ്രൂഷിക്കാന്‍ യശോദ വീട് പൂട്ടി വൈത്തിരിയിലേക്ക് പോയത്. പിന്നീട് മടങ്ങി വന്നിരുന്നില്ല. കഴിഞ്ഞ ദിവസം ഇവരുടെ വീടിന് സമീപമെത്തിയ തൊഴിലുറപ്പ് പ്രവര്‍ത്തകരാണ് വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്.
ഇവര്‍ വിവരമറിയിച്ചതോടെ യശോദ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ പണം നഷ്ടമായെന്ന് വ്യക്തമായി.പിന്നീട് പോലീസില്‍ വിവരം അറിയിച്ചു.
സംഭവത്തില്‍ നൂല്‍പ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധര്‍ അടക്കമുള്ളവരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.