പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
Sunday, May 7, 2023 8:20 PM IST
ഇസ്ലാമാബാദ്: മതവിരുദ്ധ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺവ പ്രവിശ്യയിൽ ജനക്കൂട്ടം യുവാവിനെ മർദിച്ച് കൊലപ്പെടുത്തി.
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ തെഹ്രീക് ഇ ഇൻസാഫ് പാർട്ടിയുടെ പ്രവർത്തകനായ നിഗാർ ആലം ആണ് കൊല്ലപ്പെട്ടത്. മർധാൻ ജില്ലയിലെ സവാൽധേർ ഗ്രാമത്തിലാണ് സംഭവം നടന്നത്. പാർട്ടി നടത്തിയ റാലിക്കിടെ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളാണ് ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത്.
ആലം മതനിന്ദ നടത്തിയെന്ന് ആരോപിച്ച ജനക്കൂട്ടം, പ്രസംഗം തടസപ്പെടുത്തി ഇയാളെ മർദിക്കാൻ ആരംഭിച്ചു. സമീപത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ആലമിനെ ഒരു കടയ്ക്കുള്ളിലേക്ക് കയറ്റി സുരക്ഷിതനാക്കിയെങ്കിലും ജനക്കൂട്ടം വാതിൽ തകർത്ത് ഉള്ളിലെത്തി. തുടർന്ന് പോലീസ് നോക്കിനിൽക്കെ ജനക്കൂട്ടം ഇയാളെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. കേസിൽ അന്വേഷണം ആരംഭിച്ചതായും ആലമിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.