ബിജെപിയെ തൂത്തെറിയാതെ രാജ്യം പുരോഗമിക്കില്ലെന്ന് സോണിയ ഗാന്ധി
Sunday, May 7, 2023 10:59 AM IST
ബംഗളൂരു: ബിജെപി സർക്കാരുകളെ തൂത്തെറിയാതെ കർണാടകയോ രാജ്യമോ പുരോഗതി പ്രാപിക്കില്ലെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കൽ, കളവ് പറയൽ, അഹന്ത, വിദ്വേഷപ്രചാരണം എന്നിവയാണ് ബിജെപിയുടെ മുഖമുദ്രയെന്നും ഹുബ്ബള്ളിയിൽ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിൽ അവർ പറഞ്ഞു.
രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത് വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെയാണ്. ജനങ്ങളുടെ ഒരു ചോദ്യത്തിനും ബിജെപി നേതാക്കൾ മറുപടി പറയുന്നില്ല. തങ്ങളുടെ കീശയിലാണ് ജനാധിപത്യമെന്നാണ് അവർ കരുതുന്നത്.
കർണാടകയിലെ ജനങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയാണ് ബിജെപി ചെയ്യുന്നത്. ബിജെപി പരാജയപ്പെട്ടാൽ പിന്നീട് പ്രധാനമന്ത്രി മോദിയുടെ അനുഗ്രഹം സംസ്ഥാനത്തിന് കിട്ടില്ലെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയാണവർ. എന്നാൽ, കർണാടകയിലെ ജനങ്ങൾ ഭീരുക്കളോ അത്യാഗ്രഹികളോ അല്ലെന്നും അവർ കോൺഗ്രസിനെ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്നും സോണിയ പറഞ്ഞു.