മണിപ്പൂർ സംഘർഷം; പന്തംകൊളുത്തി പ്രതിഷേധം നടത്താൻ കോൺഗ്രസ്
Saturday, May 6, 2023 7:03 PM IST
തിരുവനന്തപുരം: മണിപ്പൂരിൽ നടക്കുന്ന കലാപങ്ങളിലും ഗോത്രവർഗക്കാർക്കും ന്യൂനപക്ഷങ്ങൾക്കും എതിരെ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് ഞായറാഴ്ച കോൺഗ്രസ് പന്തംകൊളുത്തി പ്രകടനം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ അറിയിച്ചു. മണ്ഡലം കോണ്ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാകും സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്തുക.
ബിജെപി ഭരണകൂടത്തിന്റെയും പോലീസിന്റെയും പിന്തുണയോടെയാണ് മണിപ്പൂരിൽ അക്രമങ്ങൾ അരങ്ങേറുന്നതെന്ന് സുധാകരൻ ആരോപിച്ചു.
ബിജെപിയോട് ആഭിമുഖ്യമുള്ള മെയ്തേയ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് കലാപം നടക്കുന്നത്. 54 പേർ കൊല്ലപ്പെടുകയും പതിനായിരത്തോളം പേരെ മാറ്റിത്താമസിപ്പിക്കുകയും ചെയ്തു. അന്പതോളം ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടു.
സമാധാനപരമായി ജീവിച്ച മണിപ്പൂർ ബിജെപി പിടിമുറുക്കിയതോടെയാണ് അശാന്തിയിലേക്ക് നിലംപതിച്ചത്. വിവിധ സമുദായങ്ങൾ സാഹോദര്യത്തോടെ കഴിയുന്ന കേരളത്തിലേക്ക് ബിജെപി കടന്നുവന്നാൽ അതു മണിപ്പൂരിലേതുപോലെ വലിയ ദുരന്തത്തിനു വഴിയൊരുക്കുമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.