ഗ്രാനൈറ്റ് ട്രക്ക് കയറി പാലം തകർന്നു
Wednesday, May 3, 2023 6:03 PM IST
അമരാവതി: 70 ടൺ ഗ്രാനൈറ്റുമായി എത്തിയ ട്രക്ക് കടന്നുപോകവേ ബ്രിട്ടീഷ് നിർമിത പാലം തകർന്നുവീണു. ആന്ധ്രാ പ്രദേശിലെ ശ്രീകാകുളം ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തിൽ ആളപായമില്ല.
ഇഛാപുരം നഗരത്തിന് സമീപത്ത് ബഹുദ നദിക്ക് കുറുകെ നിർമിച്ച പാലമാണ് തകർന്നുവീണത്. ഇന്ന് രാവിലെ ഗ്രാനൈറ്റ് വഹിച്ചെത്തിയ ട്രക്ക് പാലത്തിൽ കയറിയ ഉടനെ സ്ലാബുകൾ ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തെത്തുടർന്ന് മേഖലയിൽ ഗതാഗതതടസം ഉണ്ടായി.
1929-ൽ ബ്രിട്ടീഷ് ഭരണാധികാരികൾ നിർമിച്ച പാലമാണ് തകർന്നത്. വെള്ളത്തിൽ വീണ ട്രക്ക് പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.