ഒത്തുപോകാനാവാത്ത വിവാഹബന്ധം വേർപ്പെടുത്താൻ ആറ് മാസം കാത്തിരിക്കേണ്ടെന്ന് സുപ്രീം കോടതി
Monday, May 1, 2023 6:49 PM IST
ന്യൂഡൽഹി: ഒത്തുപോകില്ലെന്ന് ഉറപ്പുള്ള വിവാഹബന്ധങ്ങൾ നേരിട്ടുള്ള ഉത്തരവിലൂടെ വേർപ്പെടുത്താമെന്നും ദമ്പതികൾക്കുള്ള നിശ്ചിത ഒത്തുതീർപ്പ് കാലാവധി പരിഗണിക്കേണ്ടതില്ലെന്നും സുപ്രീം കോടതി.
പരസ്പരധാരണപ്രകാരമുള്ള വിവാഹമോചനക്കേസുകളിൽ, ബന്ധം മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് ഉറപ്പായാൽ ഭരണഘടനയുടെ 142-ാം അനുച്ഛേദം അനുസരിച്ച് തങ്ങൾക്ക് നേരിട്ട് വിവാഹമോചനം അനുവദിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ദമ്പതികൾ വിവാഹമോചനത്തിന് അപേക്ഷ സമർപ്പിച്ചാൽ ഒത്തുതീർപ്പ് സാധ്യമാണോയെന്ന് അറിയാനായി ചുരുങ്ങിയത് ആറ് മാസമെങ്കിലും കാത്തിരിക്കണമെന്ന് വ്യവസ്ഥ നിലവിലുണ്ട്. ഈ കാലാവധി ചിലപ്പോൾ 18 മാസം വരെ നീണ്ടേക്കാം. ഈ കാലാവധിക്കുള്ളിൽ വിവാഹമോചന പെറ്റീഷൻ പിൻവലിക്കാനും ദമ്പതികൾക്ക് അവസരമുണ്ട്.
സമയപരിധി ഒഴിവാക്കി തങ്ങൾക്ക് നേരിട്ട് വിവാഹമോചനം അനുവദിക്കാവുന്നത് ആണെന്നാണ് സുപ്രീം കോടതി അറിയിച്ചത്. എന്നാൽ, എല്ലാ വിവാഹമോചനക്കേസുകളിലും ഒത്തുതീർപ്പ് കാലപരിധി എടുത്തുകളയാനാവില്ലെന്നും കോടതി വ്യക്തമാക്കി. പൊരുത്തപ്പെടില്ലെന്ന് കോടതിക്ക് ഉറപ്പുള്ള കേസുകളിൽ മാത്രമാണ് ഈ ഉത്തരവ് പുറപ്പെടുവിക്കുക.
ജസ്റ്റീസുമാരായ എസ്.കെ. കൗൾ, സഞ്ജീവ് ഖന്ന, എ.എസ്. ഓഖ, ജെ.കെ. മഹേശ്വരി, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്.