ദി കേരള സ്റ്റോറി: മതസൗഹാൾദ അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കമെന്ന് മന്ത്രി
Friday, April 28, 2023 7:40 PM IST
തിരുവനന്തപുരം: ദി കേരള സ്റ്റോറി സിനിമ മതസൗഹാർദ അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കമാണെന്നു മന്ത്രി സജി ചെറിയാൻ. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് സമൂഹത്തെ വിഷലിപ്തമാക്കാനുള്ള ലൈസൻസല്ലെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിൽ വിഷം കലർത്താനുള്ള നീക്കം ചെറുത്തു തോല്പിക്കും. ദി കേരള സ്റ്റോറി എന്ന പ്രൊപ്പഗാണ്ട സിനിമ മേയ് അഞ്ചിന് റിലീസ് ചെയ്യുകയാണ്. സിനിമയുടെ ട്രെയിലർ ഇപ്പോൾ റിലീസ് ചെയ്തിട്ടുണ്ട്.
കേരളത്തിൽ നിന്നും 32,000 വനിതകളെ ഭീകരവാദ പ്രവർത്തനത്തിനു വേണ്ടി റിക്രൂട്ട്മെന്റ് നടത്തി, അവരെ ഉപയോഗിച്ചുകൊണ്ട് രാജ്യത്തെന്പാടും, ലോകത്തെന്പാടും ഭീകരവാദ പ്രവർത്തനം നടത്തി എന്നതാണ് സിനിമയുടെ ആശയം എന്നാണ് മനസിലാക്കുന്നത്.
ഇത് വസ്തുതകൾക്കു നിരക്കുന്നതല്ല. കേരളത്തെ അങ്ങേയറ്റം അപമാനിക്കുന്ന നീക്കമായി മാത്രമാണ് ഇതിനെ കാണാൻ സാധിക്കുക. സിനിമ ബഹിഷ്കരിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.