നിസാരം..! മണ്ണിൽ താണ ചിന്തയുടെ കാർ എടുത്തുമാറ്റി മന്ത്രി സജി ചെറിയാൻ
സ്വന്തം ലേഖകൻ
Thursday, April 27, 2023 12:09 PM IST
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍റെ ഡ്രൈവിംഗ് സ്കില്ലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്‍റെ കാറ് മണ്ണില്‍ താഴ്ന്നപ്പോളാണ് മന്ത്രി സജി ചെറിയാൻ മാസ് ഡ്രൈവിംഗ് സ്കിൽ പുറത്തെടുത്ത് കാർ എടുത്തുമാറ്റിയത്. ഇതിന്‍റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
തിരുവനന്തപുരം ചെറിയവെട്ടുകാട് വച്ചാണ് ചിന്ത ജെറോമിന്‍റെ ഇന്നോവ ക്രിസ്റ്റ കാർ മണ്ണിൽ താഴ്ന്നത്. വാഹനത്തിന്‍റെ ഡ്രൈവറും പോലീസുകാരും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കാർ പുറത്തെടുക്കാനായില്ല. ഇതിനിടെയാണ് ചിറയൻകീഴ് ഭാഗത്തെ തീരസദസ് പരിപാടിസ കഴിഞ്ഞ് മന്ത്രി സജി ചെറിയാൻ ഈ വഴി വരുന്നത്.
ചിന്തയോട് കാര്യങ്ങൾ തിരക്കിയ മന്ത്രി എല്ലാവരും മാറിനിന്നോളാനും ഞാൻ കാർ എടുക്കാമെന്നും അറിയിച്ചു. ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന മന്ത്രി റിവേഴ്സ് ഗിയറിട്ട് വാഹനം അൽപ്പം പിന്നോട്ട് നീക്കിയശേഷം മുന്‍വശത്തെ ടയറിന്‍റെ താഴെ കല്ലും മണ്ണും കൊണ്ടിടാൻ നിർദേശിച്ചു. പിന്നീട് സിനിമാ സ്റ്റൈലിൽ ഫസ്റ്റ് ഗിയറിട്ട് വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു.