അപകീർത്തി പരാമർശക്കേസ്; രാഹുൽ ഗാന്ധിയുടെ അപ്പീൽ പരിഗണിക്കുന്ന ജഡ്ജി പിന്മാറി
Wednesday, April 26, 2023 10:25 PM IST
അഹമ്മദാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കുന്നതിന് വഴിവച്ച അപകീർത്തി പരാമർശ കേസിലെ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റീസ് ഗീതാ ഗോപി പിന്മാറി.
രാഹുൽ ഗാന്ധി നൽകിയ അപ്പീൽ തനിക്ക് പരിഗണിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റീസ് ഗീതാ, കേസിൽ ഹൈക്കോടതി ചീഫ് ജസ്റ്റീസ് മറ്റൊരു ജഡ്ജിനെ നിയമിക്കുമെന്ന് അറിയിച്ചു. എന്നാൽ എന്ത് കാരണത്താലാണ് ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയതെന്ന് ജസ്റ്റീസ് ഗീതാ വ്യക്തമാക്കിയില്ല.
ലോക്സഭാംഗത്വം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി സെഷൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. ഈ ഹർജി തള്ളിയതിനെത്തുടർന്നാണ് സ്റ്റേ ആവശ്യവുമായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.