കാബൂൾ വിമാനത്താവള സ്ഫോടനത്തിന്റെ സൂത്രധാരനെ വധിച്ചു
Wednesday, April 26, 2023 5:00 AM IST
വാഷിംഗ്ടൺ: 2021ലെ കാബൂൾ വിമാനത്താവള സ്ഫോടനത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) നേതാവിനെ താലിബാൻ സൈന്യം വധിച്ചതായി യുഎസ്.
ഐഎസ് നേതാവ് ചില ആഴ്ചകൾക്ക് മുമ്പ് കൊല്ലപ്പെട്ടു. എന്നാൽ മരണം സ്ഥിരീകരിക്കാൻ സമയമെടുത്തതായും ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് "സിഎൻബിസി' റിപ്പോർട്ടു ചെയ്തു. കൊല്ലപ്പെട്ട ഐഎസ് നേതാവിന്റെ പേര് പുറത്തുവിട്ടിട്ടില്ല.
2021 ഓഗസ്റ്റ് 26നാണ് കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് ഇരട്ടസ്ഫോടനമുണ്ടാകുന്നത്. കാബൂൾ താലിബാന് ഏറ്റെടുത്തതിനെത്തുടർന്നു അഫ്ഗാന് പൗരന്മാരും വിദേശ പൗരന്മാരും വിമാനത്താവളത്തിലേക്ക് പലായനത്തിനായി എത്തിയപ്പോഴായിരുന്നു സ്ഫോടനം.
ഭീകരാക്രമണത്തിൽ 170 സാധാരണക്കാരും 13 യുഎസ് സൈനികരും കൊല്ലപ്പെട്ടു. രണ്ട് ബ്രിട്ടീഷ് പൗരന്മാരും അവരുടെ കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു.