വന്ദേ ഭാരതിനു തിരൂരും ചെങ്ങന്നൂരും സ്റ്റോപ്പ് അനുവദിക്കണം: മന്ത്രി വി.അബ്ദുറഹിമാൻ
Wednesday, April 26, 2023 2:22 AM IST
തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിനു തിരൂർ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കണമെന്നു സംസ്ഥാനത്ത് റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനു നിവേദനം നൽകി.
ട്രയൽ റണ്ണിൽ വന്ദേഭാരത് ചെങ്ങന്നൂരിലും തിരൂരിലും നിർത്തിയിരുന്നു. എന്നാൽ, സ്റ്റോപ്പ് പ്രഖ്യാപിച്ചപ്പോൾ രണ്ട് സ്റ്റേഷനും ഒഴിവാക്കി. ഏറെ യാത്രക്കാരുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളാണു തിരൂരും ചെങ്ങന്നൂരും. ശബരിമല, പരുമലപ്പള്ളി തുടങ്ങിയ നിരവധി തീർഥാടന കേന്ദ്രങ്ങളിലേക്ക് പോകുന്നവർ ഏറെ ആശ്രയിക്കുന്ന സ്റ്റേഷനാണ് ചെങ്ങന്നൂർ.
45 ലക്ഷം ജനങ്ങൾ അധിവസിക്കുന്ന മലപ്പുറം ജില്ലയിൽ ഒരിടത്തും വന്ദേഭാരതിന് സ്റ്റോപ്പില്ല. തിരുനാവായ ക്ഷേത്രം, മന്പറം പള്ളി എന്നിവിടങ്ങളിലേക്കും കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല, തുഞ്ചൻ പറന്പ് തുടങ്ങിയ ഇടങ്ങളിലേക്കും എത്തിച്ചേരാൻ ജനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനാണ് തിരൂർ.
പാഴ്സൽ സർവീസും യാത്രക്കാർ വഴിയും ഉയർന്ന വരുമാനം ലഭിക്കുന്ന തിരൂരിൽ മുപ്പതോളം ട്രെയിനുകൾക്ക് സ്റ്റോപ്പില്ല. തികഞ്ഞ അരക്ഷിതാവസ്ഥയുള്ള റെയിൽവേ സ്റ്റേഷനാണു തിരൂരെന്നും അതിനാൽ രാത്രി ട്രെയിൻ നിർത്തുന്നത് പരിഗണിക്കാനാവില്ലെന്നുമുള്ള വിചിത്ര മറുപടിയാണ് റെയിൽവേ നൽകിയത്. ഈ അവഗണന അവസാനിപ്പിക്കണമെന്നും മന്ത്രി വി. അബ്ദുറഹിമാൻ കത്തിൽ ആവശ്യപ്പെട്ടു.