ബംഗളൂരുവിനെ വീഴ്ത്തി സൂപ്പർ കപ്പ് നേടി ഒഡീഷ
Tuesday, April 25, 2023 9:13 PM IST
കോഴിക്കോട്: ആഴ്ചകളുടെ ഇടവേളയ്ക്കിടെ രണ്ടാം വട്ടവും ഒരു ടൂർണമെന്റ് ഫൈനലിൽ വീണ് ബംഗളൂരു എഫ്സി. ബംഗളൂരുവിന്റെ പരാജയം ആഗ്രഹിച്ച മലയാളി ആരാധകരെ സാക്ഷിയാക്കി ഒഡീഷ എഫ്സി സൂപ്പർ കപ്പിൽ മുത്തമിട്ടു. 2 -1 എന്ന സ്കോറിനാണ് ഒഡീഷയുടെ ജയം.
23-ാം മിനിറ്റിൽ ലഭിച്ച ഫ്രീ കിക്ക് വലയിലെത്തിച്ച് ഡീഗോ മൗറീഷ്യോ ആണ് ഒഡീഷയക്കായി ലീഡ് നേടിയത്. അനായാസം കൈപ്പിടിയിലൊതുക്കാമായിരുന്ന പന്ത് കൈവിട്ട ബിഎഫ്സി ഗോളി ഗുർപ്രീത് സിംഗ് സന്ധു എതിരാളികൾക്ക് ലീഡ് സമ്മാനിക്കുകയായിരുന്നു.
37-ാം മിനിറ്റിൽ പെനൽറ്റി ബോക്സിനുള്ളിലേക്ക് ലഭിച്ച ക്രോസിന് തലവച്ച ജെറി മൗവിംഗ്താംഗ്വ പന്ത് മൗറീഷ്യോയ്ക്ക് മറിച്ചുനൽകി. സുന്ദരമായ ഒരു ടച്ചിലൂടെ പന്ത് വലയിലെത്തിച്ച മൗറീഷ്യോ ടീമിന്റെ ലീഡുയർത്തി.
83-ാം മിനിറ്റിൽ ശിവശക്തി നാരായണനെ ഫൗൾ ചെയ്തതിന് ഒഡീഷയ്ക്കെതിരെ റഫറി ഫൗൾ വിളിച്ചു. സ്പോട് കിക്ക് തൊടുത്ത സുനിൽ ഛേത്രി ലക്ഷ്യം കണ്ടെങ്കിലും വിജയം അകന്നുനിന്നു.