സ്വവർഗ വിവാഹം; ക്വിയർ "കുട്ടികൾ'ക്കായി സുപ്രീം കോടതിക്ക് കത്ത് നൽകി മാതാപിതാക്കൾ
Tuesday, April 25, 2023 8:26 PM IST
ന്യൂഡൽഹി: എൽജിബിടിക്യുഐ+ സമൂഹത്തിൽപ്പെട്ട തങ്ങളുടെ മക്കൾക്ക് വിവാഹാവകാശം അനുവദിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് 400 പേർ സുപ്രീം കോടതിക്ക് കത്ത് നൽകി.
എൽജിബിടിക്യുഐ+ സമൂഹത്തിൽ ഉൾപ്പെടുന്നവരുടെ മാതാപിതാക്കളുടെ കൂട്ടായ്മയായ "സ്വീകാർ - ദ റെയ്ൻബോ പീപ്പിൾ' എന്ന സംഘടനയാണ് കത്ത് നൽകിയത്.
തങ്ങളുടെ മക്കൾക്കും മരുമക്കൾക്കും സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്താൻ അനുവാദം നൽകണമെന്നും അവരുടെ ബന്ധങ്ങൾക്ക് നൈയാമിക പരിരക്ഷ നൽകണമെന്നും മാതാപിതാക്കളുടെ സംഘം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
വൈവിധ്യത്തെ സ്വീകരിക്കുന്ന നമ്മുടെ രാജ്യത്ത് സ്വവർഗ വിവാഹം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇവർ കുറിച്ചു. ഞങ്ങളിൽ പലർക്കും 80 വയസിലേറെ പ്രായമായി; ഞങ്ങളുടെ ജീവീതകാലത്ത് ഈ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. വിവാഹാവകാശത്തിൽ തുല്യത നൽകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഒരു കാലത്ത് സ്വവർഗ വിവാഹത്തെ എതിർത്തിരുന്ന പലരും ഇന്ന് ഈ സംഘടനയിൽ ഉള്ളതിനാൽ അത്തരം മനഃസ്ഥിതി ഇപ്പോഴും വച്ച് പുലർത്തുന്നവരെ പൂർണമായും മനസിലാക്കുന്നതായും സംഘം കത്തിൽ കുറിച്ചു.