ക്രൈസ്തവ സഭാ മേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തി മോദി
Monday, April 24, 2023 11:07 PM IST
കൊച്ചി: വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. വെല്ലിംഗ്ടൺ ദ്വീപിലെ ഹോട്ടല്‍ താജ് മലബാറിൽ വച്ചായിരുന്നു 20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ് കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ, ലത്തീൻ സഭാ പ്രതിനിധി ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവാ, യാക്കോബായ സഭ മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, കല്‍ദായ സുറിയാനി സഭ മെത്രാപ്പോലീത്ത മാര്‍ ഔഗിന്‍ കുര്യാക്കോസ്, ക്നാനായ സിറിയന്‍ സഭാധ്യക്ഷന് കുര്യാക്കോസ് മാര്‍ സേവേറിയോസ് എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, കെ.എസ്. രാധാകൃഷ്ണന് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനത്ത് നടന്ന വരെ 'യുവം 2023' കോൺക്ലേവിന് ശേഷമായിരുന്നു സഭാ നേതാക്കളുമായുള്ള മോദിയുടെ കൂടിക്കാഴ്ച.