റബറിന്റെ താങ്ങുവില 250 രൂപയാക്കണം: ജോസ് കെ. മാണി
Monday, April 24, 2023 12:31 AM IST
കോട്ടയം: രാജ്യത്തെ സ്വാഭാവിക റബര്‍ ഉല്പാദനത്തിന്റെ 95 ശതമാനവും നടക്കുന്ന കേരളത്തില്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ റബറിന്റെ താങ്ങുവില 250 രൂപയാക്കിക്കൊണ്ടുളള പ്രഖ്യാപനം നടത്തണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി.
റബര്‍തോട്ടങ്ങളില്‍ ഉത്പാദിപ്പിക്കുന്ന മുഴുവന്‍ സ്വാഭാവിക റബറും കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സംഭരിച്ച് വ്യാവസായിക ആവശ്യക്കാര്‍ക്കായി നല്കുന്ന സമ്പ്രദായം നിയമാനുസൃതം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറക്കുമതി ചുങ്കത്തിലൂടെ കേന്ദ്ര സര്‍ക്കാരിന് ലഭിച്ച 2,000 കോടി രൂപയിൽ നിന്നും 1,000 കോടി രൂപ നല്കിയാല്, റബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച തുകയും ചേര്‍ത്ത് റബറിന്റെ താങ്ങുവില കിലോക്ക് 250 രൂപയാക്കി ഉയര്‍ത്താനാവും. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒഴിവാക്കിയാല്‍, കേരളത്തിലെ റബര്‍ കര്‍ഷകരെ സഹായിക്കാന്‍ കഴിയുന്ന ഇക്കാര്യം നിസാരമായി പ്രധാനമന്ത്രിക്ക് ചെയ്യാന്‍ കഴിയുന്നതാണെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.