റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച സംഭവം: നായാട്ട് സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ
Saturday, April 22, 2023 9:31 PM IST
കണ്ണൂർ: പയ്യാവൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കാഞ്ഞിരക്കൊല്ലി സ്വദേശികളുമായ രജീഷ് അമ്പാട്ട്, പള്ളത്ത് നാരായണന് എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞിരക്കൊല്ലി സ്വദേശി അരുവി ഹോംസ്റ്റേ ഉടമ ബെന്നി പരത്തനാൽ (55) ആണ് മരിച്ചത്. ബെന്നിക്കൊപ്പം നായാട്ടിനുപോയവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവർ ബെന്നിയുടെ സുഹൃത്തുക്കൾ കൂടിയാണ്.
ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ കേരള-കർണാട വനാതിര്‍ത്തിയിലെ കാഞ്ഞിരക്കൊല്ലി ശശിപ്പാറക്ക് സമീപം ഏലപ്പാറയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥ ലത്തായിരുന്നു സംഭവം. മൂന്നംഗ സംഘം വേട്ടയ്ക്ക് പോയപ്പോൾ അബദ്ധത്തിൽ വെടി പൊട്ടിയാണ് ബെന്നി മരിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. നായാട്ടിനായി വൈകുന്നേരമാണ് മൂവരും കാട് കയറിയത്. നാരായണനെ നിർബന്ധിച്ചാണ് ഒപ്പം കൂട്ടിയത്.
കയറ്റം കയറി മൂവരും ഒരിടത്തിരിക്കുകയായിരുന്നു. ബെന്നിയുടെ അരികിലാണ് വലിയ തിര നിറച്ച തോക്ക് വച്ചിരുന്നത്. രാത്രി വൈകി ശബ്ദം കേട്ട് ഞെട്ടി എഴുന്നേൽക്കുന്നതിനിടെ കാഞ്ചിയിൽ വിരൽതട്ടി അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. ബെന്നിയുടെ വലത് നെഞ്ചിലാണ് വെടിയേറ്റത്. പയ്യാവൂരിലെ ആ ശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.