സിറിയൻ പ്രസിഡന്റും സൗദി വിദേശകാര്യ മന്ത്രിയും ഡമാസ്കസിൽ കൂടിക്കാഴ്ച നടത്തി
Thursday, April 20, 2023 3:49 AM IST
റിയാദ്: സിറിയൻ പ്രസിഡന്റ് പ്രസിഡന്റ് ബഷാർ അൽ അസദും സൗദി അറേബ്യ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനും ഡമാസ്കസിൽ കൂടിക്കാഴ്ച നടത്തി. 2011ന് ശേഷം ആദ്യമായാണ് സൗദി വിദേശകാര്യമന്ത്രി സിറിയ സന്ദർശിക്കുന്നത്.
സിറിയൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗദി വിദേശകാര്യമന്ത്രി ഡമാസ്കസിൽ എത്തിയത്. കഴിഞ്ഞാഴ്ച സിറിയൻ വിദേശകാര്യമന്ത്രി ഫൈസൽ മിഖ്ദാദ് സൗദി നേതൃത്വവുമായി ചർച്ചകൾ നടത്തിയിരുന്നു.
സിറിയയെ അറബ് ലീഗിൽ തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾക്കും സൗദി നേതൃത്വം നൽകുന്നുണ്ട്. സിറിയയും സൗദിയും തമ്മിൽ നയതന്ത്ര, വ്യോമയാന ബന്ധങ്ങൾ പുനഃരാരംഭിക്കുന്നതിന് തത്വത്തിൽ ധാരണയായിട്ടുണ്ട്.