ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്‍പറേഷനെതിരെ ഫയര്‍ ഫോഴ്‌സ് മേധാവി ബി.സന്ധ്യ. സംഭവത്തില്‍ കോര്‍പറേഷന് ഗുരുതര വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഫയര്‍ ഫോഴ്‌സ് മേധാവി ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവന്നു.

മാര്‍ച്ച് ആറിന് അയച്ച കത്താണ് പുറത്തുവന്നത്. തീപിടിത്തമുണ്ടാകാത്തിരിക്കാന്‍ കോര്‍പറേഷന്‍ യാതൊരു മുന്‍ കരുതലും സ്വീകരിച്ചില്ല. വീഴ്ച ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നു.

2019 മുതല്‍ ബ്രഹ്മപുരത്ത് അസ്വാഭാവികമായ തീപിടിത്തമുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തീപിടിത്തമുണ്ടാകാതിരിക്കാനും, അഥവാ തീപടര്‍ന്നാല്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും എറണാകുളം റീജിയണല്‍ ഓഫീസര്‍ മേയറോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല. ഇക്കാര്യത്തില്‍ കോര്‍പറേഷന്‍ വീഴ്ച വരുത്തിയതിനാല്‍ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തീപിടിത്തത്തെക്കുറിച്ച് പോലീസിന്‍റെ സമഗ്ര അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.