ലോകായുക്തയുടെ വെള്ളപൂശൽ മംഗളപത്രം ചവറ്റുകൊട്ടയിൽ തള്ളുമെന്ന് കോൺഗ്രസ്
Tuesday, April 18, 2023 9:31 PM IST
തിരുവനന്തപുരം: ദുരിതാശ്വാസനിധി അഴിമതിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ വെള്ളപൂശാൻ ലോകായുക്ത രചിച്ച സുദീർഘമായ മംഗളപത്രം അർഹിക്കുന്ന അവജ്ഞയോടെ ജനങ്ങൾ ചവറ്റുകൊട്ടയിൽ തള്ളുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ.
ഭയമോ പ്രീതിയോ സ്നേഹമോ ശത്രുതയോ ഇല്ലാതെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുമെന്ന് സത്യപ്രതിജ്ഞ ചെയ്തവരും അതു തെളിയിച്ചവരുമാണ് തങ്ങളെന്ന് ജഡ്ജിമാർ സ്വയം പുകഴ്ത്തിയാൽ പോരാ, അത് ജനങ്ങൾക്കു കൂടി ബോധ്യപ്പെടണമെന്ന് സുധാകരൻ പറഞ്ഞു.
ദുരിതാശ്വാസ അഴിമതിക്കേസിൽ മുഖ്യമന്ത്രി കുറ്റക്കാരനല്ലെന്നാണ് ലോകായുക്തയുടെ മംഗളപത്രത്തിന്റെ രത്നച്ചുരുക്കം. സുദീർഘമായ മംഗളപത്രത്തിന്റെ ഓരോ വരിയും മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ശ്രദ്ധാപൂർവം എഴുതിയിയിട്ടുണ്ട്. ലോകായുക്തയുടെ യഥാർഥ വിധിയാണ് ഇപ്പോൾ പുറത്തുവന്നത്. ഇനി നടക്കാൻ പോകുന്നത് വെറും നാടകവും അഭിനയവുമാണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികൾക്ക് ബോധ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.