ലോകായുക്തയുടെ വിശദീകരണം അസാധാരണം, വാര്‍ത്താക്കുറിപ്പിറക്കി സ്വയം അപഹാസ്യരായി: സതീശന്
Tuesday, April 18, 2023 12:55 PM IST
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസിലെ ആരോപണങ്ങളില്‍ വാര്‍ത്താകുറിപ്പിറക്കിയ ലോകായുക്ത നടപടിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ലോകായുക്തയുടെ നടപടി അസാധാരണമാണെന്ന് സതീശന് പറഞ്ഞു.
ആക്ഷേപങ്ങള്‍ക്കുള്ള മറുപടി വിശദീകരണത്തിലില്ല. വാര്‍ത്താക്കുറിപ്പിറക്കി ലോകായുക്ത സ്വയം അപഹാസ്യരായി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസിലെ ലോകായുക്തയുടെ ഭിന്നവിധി വിരോധാഭാസമാണ്. അത് ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നും സതീശന് കൂട്ടിചേര്‍ത്തു.
തിങ്കളാഴ്ചയാണ് ആരോപണങ്ങള്‍ക്ക് മറുപടിയുമായി ലോകായുക്ത പിആര്‍ഒ വാര്‍ത്താക്കുറിപ്പിറക്കിയത്. എന്നാല്‍ ഇതിനെതിരെ കേസിലെ പരാതിക്കാരനായ ആര്.എസ്.ശശികുമാര്‍ രംഗത്തുവന്നിരുന്നു.
ന്യായാധിപന്മാര് പൊതുജനത്തോട് സംവദിക്കേണ്ടത് പത്രക്കുറിപ്പിലൂടെയല്ല, അവരുടെ വിധി ന്യായത്തിലൂടെയാകണമെന്ന് ശശികുമാര്‍ പ്രതികരിച്ചു.