ലോകായുക്ത പത്രക്കുറിപ്പിനെതിരെ ദുരിതാശ്വാസനിധി കേസിലെ ഹർജിക്കാരൻ
Monday, April 17, 2023 10:33 PM IST
തിരുവനന്തപുരം: ന്യായാധിപന്മാർ പൊതുജനത്തോട് സംവദിക്കേണ്ടത് പത്രക്കുറിപ്പിലൂടെയല്ല, അവരുടെ വിധി ന്യായത്തിലൂടെയാകണമെന്ന് ദുരിതാശ്വാസനിധി കേസിലെ പരാതിക്കാരനായ ആർ.എസ്. ശശികുമാർ.
കേസിലെ ഭിന്നവിധിയെത്തുടർന്നുണ്ടായ വിവാദങ്ങളെപ്പറ്റി ലോകായുക്ത പുറപ്പെടുവിച്ച വിശദീകരണക്കുറിപ്പിനേക്കുറിച്ച് പ്രതികരിക്കവെയാണ് ശശികുമാർ ഈ പരാമർശം നടത്തിയത്.
കുറ്റബോധം മറച്ചുപിടിക്കാനാണ് ലോകായുക്ത തന്നെ പത്രക്കുറിപ്പുമായി രംഗത്തുവന്നിട്ടുള്ളതെന്നും തരംതാഴുന്നതിന് പരിധിയില്ല എന്ന് വെളിവാക്കുന്നതാണ് പത്രക്കുറിപ്പെന്നും ശശികുമാർ പറഞ്ഞു.
സംസ്ഥാന മുഖ്യമന്ത്രി പ്രതിയായ കേസ് പരിഗണനയിലിരിക്കെ ആ കേസ് പരിഗണിക്കുന്ന ന്യായാധിപന്മാർ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചത് ഔചിത്യമായില്ല എന്ന തന്റെ അഭിപ്രായം ശരിവയ്ക്കുക മാത്രമാണ് ലോകായുക്ത ചെയ്തത്.
"പേപ്പട്ടി' എന്നു വിളിച്ച വിഷയവുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ വിശദീകരണം സാമാന്യ മര്യാദയ്ക്ക് ചേരുന്നതല്ല. പരാമർശം വിവാദമായ സാഹചര്യത്തിൽ അടുത്ത ദിവസം കേസ് വീണ്ടും പരിഗണിച്ചപ്പോൾ വിശദീകരണം നൽകാമായിരുന്നു. അതിനു തയാറാകാതെ ഇപ്പോൾ ഇത്തരത്തിൽ ഒരു പരസ്യ പ്രതികരണവുമായി വന്ന ലോകായുക്തയുടെ നടപടി കൂടുതൽ ദുരൂഹമാണെന്നും ശശികുമാർ പറഞ്ഞു.