പാലാ തെരഞ്ഞെടുപ്പ് ഹർജി; കാപ്പന് തിരിച്ചടി
Monday, April 17, 2023 9:52 PM IST
ന്യൂഡൽഹി: പാലാ നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ മാണി സി. കാപ്പന് തിരിച്ചടി. കേസിന്റെ വിചാരണ ഹൈക്കോടതിയിൽ തന്നെ തുടരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഹൈക്കോടതിയിലെ ഹർജിയിൽ ഭേദഗതി വരുത്താൻ അനുമതി നൽകിയതിനെതിരായി കാപ്പൻ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
പാലാ സ്വദേശി സി.വി. ജോൺ ഫയൽ ചെയ്ത തെരഞ്ഞെടുപ്പ് ഹർജിയിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ ഹൈക്കോടതി 2022 ഓഗസ്റ്റിൽ അനുമതി നൽകിയിരുന്നു. ഈ ഹർജിയിൽ ഭേദഗതി വരുത്താൻ കോടതി അനുവദിച്ചതിനെതിരെയാണ് കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചത്.
മാണി സി. കാപ്പൻ നിയമപ്രകാരമുള്ള രേഖകൾ സമർപ്പിച്ചിട്ടില്ല, തെരഞ്ഞെടുപ്പ് പ്രചരണത്തിന് വൻതുക വിനിയോഗിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹർജിക്കാരൻ ഉന്നയിച്ചത്.