ജർമനിയിലെ ആണവ നിലയങ്ങൾ പൂട്ടി
Monday, April 17, 2023 1:20 AM IST
ബെർലിൻ: യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഊർജപ്രതിസന്ധി നേരിടുന്നതിനിടെയും ആണവനിലയങ്ങളുടെ പ്രവർത്തനം അവസാനിപ്പിച്ച് ജർമനി. രാജ്യത്ത് പ്രവർത്തിച്ചിരുന്ന മൂന്നു റിയാക്ടറുകൾ കൂടി ശനിയാഴ്ച അർധരാത്രി നിലച്ചു. ഇതോടെ ജർമനി ആണവോർജമുക്തമായി.
ജർമനിയിലെ ആണവനിലയങ്ങൾ ഉപേക്ഷിക്കാനുള്ള നീക്കം 2002 ൽ ആരംഭിച്ചതാണ്. 2011ൽ ജപ്പാനിലെ ഫുക്കുഷിമ നിലയത്തിലുണ്ടായ ദുരന്തത്തോടെ ഇതു സംബന്ധിച്ച നടപടികൾക്ക് ആക്കം കൂടി. അവസാന നിലയങ്ങൾ കഴിഞ്ഞ വർഷം പൂട്ടേണ്ടിയിരുന്നതാണെങ്കിലും യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തീരുമാനം നീട്ടുകയായിരുന്നു.
മറ്റു യൂറോപ്യൻ രാജ്യങ്ങൾ ആണവനിലയങ്ങളിൽ നിക്ഷേപം വർധിപ്പിക്കുന്നതിനിടെയാണു ജർമനിയിലെ നേർവിപരീത പ്രവർത്തനങ്ങൾ. ഗ്രീൻപീസ് അടക്കമുള്ള ആണവവിരുദ്ധ സംഘടനകൾ കഴിഞ്ഞദിവസം വലിയ ആഘോഷം നടത്തി.