ദുരിതാശ്വാസ നിധി കേസ്: ലോകായുക്ത ഉണ്ട വിരുന്നിന് നന്ദി കാട്ടിയെന്ന് സുധാകരൻ
Wednesday, April 12, 2023 8:20 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന കേസിലെ ലോകായുക്ത നടപടികളെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. പ്രസ്തുത തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയ ലോകായുക്തയുടെ ഉത്തരവ്, ഉണ്ട വിരുന്നിന് നന്ദി കാട്ടിയതാണെന്ന് സുധാകരന് പറഞ്ഞു.
മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും "രഹസ്യമായി' പങ്കെടുത്തെന്ന ആരോപണം മുൻനിർത്തിയാണ് ഈ പരിഹാസം.
കേസിന്റെ തുടക്കം മുതല്‍ ഓരോ ഘട്ടത്തിലും മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ലോകായുക്ത നടത്തിയ അട്ടിമറികള്‍ പ്രകടമാണ്. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കേ രാജ്യത്തിന് മാതൃകയായി തുടക്കമിട്ട ലോകായുക്തയുടെ ഉദകക്രിയ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്ന് അവകാശപ്പെടുന്ന പിണറായി വിജയന്റെ കൈകള്‍ കൊണ്ട് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.