അരിക്കൊമ്പൻ; ഹൈക്കോടതി നിർദേശം സർക്കാരിനെ പ്രതിസന്ധിയിലാക്കുമെന്ന് മന്ത്രി
Wednesday, April 12, 2023 7:46 PM IST
തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലിൽ വിഹരിക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ എങ്ങോട്ട് മാറ്റണമെന്ന് സർക്കാർ നിശ്ചയിക്കട്ടെയെന്ന ഹൈക്കോടതി നിലപാട് സർക്കാരിനെ പ്രതിസന്ധിയിലാക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ.
വിഷയത്തില്‍ കൃത്യമായ വിധി പ്രഖ്യാപിക്കുന്നതിന് പകരം ഉത്തരവാദിത്വം സര്‍ക്കാരിന്റെ തലയിലേക്ക് കോടതി ഇട്ടെന്ന് മന്ത്രി പ്രസ്താവിച്ചു.
ആനയെ മറ്റിടങ്ങളിലേക്ക് മാറ്റുന്നതിന്റെ സാധ്യതകള്‍ ആരായും. കൊമ്പനെ എവിടേക്ക് മാറ്റിയാലും പ്രതിഷേധ സാധ്യതയുണ്ട്. വനം വകുപ്പിന്റെ കീഴിലുള്ള ആന വളര്‍ത്തൽ കേന്ദ്രത്തിലേക്ക് മാറ്റുന്നതും പരിഗണിക്കും.
കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ട് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ കഴിയുക എന്നത് നിയമവിദഗ്ധന്‍മാരുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നെന്മാറ എംഎൽഎ കെ.ബാബു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
ആനയെ എങ്ങോട്ട് മാറ്റണമെന്ന് കോടതി പറയട്ടെ എന്ന സർക്കാർ നിലപാട് നിരുത്തരവാദപരം എന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. എന്തായാലും ആനയെ കൂട്ടിലടയ്ക്കാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി ഇന്നും വ്യക്തമാക്കിയിട്ടുണ്ട്.