ബംഗളൂരു: ഭർത്താവ് ചോക്ലേറ്റ് കൊണ്ടുവരാത്തതിനെ തുടർന്ന് ഭാര്യ ജീവനൊടുക്കി. കർണാടകയിലെ ഹെന്നൂർ ബണ്ടെക്ക് സമീപം ഹൊന്നപ്പ ലേഔട്ടിലാണ് സംഭവം.

സഹകരണനഗറിലെ സലൂണിൽ ജോലി ചെയ്യുന്ന ഗൗതമിന്‍റെ ഭാര്യ നന്ദിനി (25) ആണ് മരിച്ചത്. തന്‍റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യാ കുറിപ്പ് എഴുതിവച്ചശേഷമാണ് യുവതി ജീവനൊടുക്കിയത്.

സംഭവ ദിവസം ഗൗതം ജോലിക്ക് പോവുന്നത് നന്ദിനി തടഞ്ഞിരുന്നു. നന്ദിനി ഗൗതമിനോട് ചോക്ലേറ്റ് വാങ്ങാൻ ആവശ്യപ്പെട്ടു. ചോക്ലേറ്റുമായി തിരികെ വരാമെന്ന് പറഞ്ഞ് ഗൗതം പോയെങ്കിലും നന്ദിനിയുടെ ഫോൺവിളികൾക്ക് മറുപടി നൽകിയില്ല.

പിന്നീട് നന്ദിനി ഭർത്താവിന് "ഞാൻ പോകുന്നു' എന്ന വാട്ട്സ്ആപ്പ് സന്ദേശം അയച്ചു. നേരത്തെ എത്തി മക്കൾക്ക് ഭക്ഷണം കൊടുക്കണമെന്നും അവരെ നോക്കണമെന്നും സന്ദേശത്തിൽ പറയുന്നു. ഇതുകണ്ട് ഭയന്ന ഗൗതം നന്ദിനിയെ വിളിച്ചെങ്കിലും ഫോണെടുത്തില്ല.

തുടർന്ന് വീട്ടിലെത്തിയ ഗൗതം നന്ദിനിയെ തൂങ്ങിമരിച്ച നിലയിലാണ് കാണുന്നത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഗൗതമും ഭാര്യ നന്ദിനിയും കോളജ് കാലഘട്ടം മുതൽ അറിയുന്നവരാണ്. ഈ ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.