തായ്വാനു സമീപം യുദ്ധക്കപ്പലയച്ചു; കടുത്ത പ്രതിഷേധവുമായി ചൈന
Saturday, April 8, 2023 5:01 AM IST
ബെയ്ജിംഗ്: യുഎസ് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തി തായ്വാൻ പ്രസിഡന്റ് സായ് ഇംഗ് വെന്നുമായി കൂടിക്കാഴ്ച നടത്തിയതിൽ കടുത്ത പ്രതിഷേധവുമായി ചൈന. തായ്വാനു സമീപം ചൈന യുദ്ധക്കപ്പൽ അയച്ചു.
വ്യാഴം, വെള്ളി ദിവസങ്ങളിൽ തായ്വാൻ ദ്വീപിന് ചുറ്റുമുള്ള കടലിൽ മൂന്ന് ചൈനീസ് യുദ്ധക്കപ്പലുകൾ ചുറ്റിസഞ്ചരിച്ചു. യുദ്ധവിമാനവും ഹെലികോപ്ടറും തങ്ങളുടെ വ്യോമപ്രതിരോധ മേഖലയിൽ കടന്നതായി തായ്വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സെൻട്രൽ അമേരിക്കൻ രാജ്യങ്ങളിലെ സന്ദർശനത്തിനുശേഷം മടങ്ങുന്നവഴി സായ് ഇംഗ് വെൻ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ ഇറങ്ങിയതാണ് ചൈനയെ പ്രകോപിപ്പിച്ചത്. കെവിൻ മക്കാർത്തി യുഎസ് പ്രതിനിധി സംഘത്തോടൊപ്പമാണ് അവരുമായി കൂടിക്കാഴ്ച നടത്തിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അന്നത്തെ യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസി തായ്വാൻ സന്ദർശിച്ചപ്പോൾ ദ്വീപിനടുത്ത് വൻ സൈനികാഭ്യാസം നടത്തിയാണ് ചൈന പ്രതികരിച്ചത്.