ദുബായിയിൽ വാഹനാപകടം; പരിക്കേറ്റ ഇന്ത്യക്കാരന് 11കോടിയിലധികം രൂപ നഷ്ടപരിഹാരം
Friday, April 7, 2023 1:00 AM IST
ദുബായ്: ദുബായിയിൽ 12 ഇന്ത്യക്കാരുൾപ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു ഇന്ത്യക്കാരന് അഞ്ച് ദശലക്ഷം ദിർഹം (11 കോടിയിലധികം രൂപ) നഷ്ടപരിഹാരമായി ലഭിച്ചു. 2019ലാണ് അപകടം നടന്നത്.
എഞ്ചിനിയറിംഗ് വിദ്യാർഥിയായിരുന്ന മുഹമ്മദ് ബെയ്ഗ് മിർസ(20)ക്കാണ് നഷ്ടപരിഹാരം ലഭിച്ചത്. ഒമാനിൽ നിന്ന് യുഎഇയിലേക്ക് പോകുകയായിരുന്ന ബസ് ദുബായിയിൽ വച്ചാണ് അപകടത്തിൽപെട്ടത്. സംഭവസമയം ബസിലുണ്ടായിരുന്ന 31 യാത്രക്കാരിൽ 17 പേർ മരിച്ചു. അതിൽ 12 പേർ ഇന്ത്യക്കാരായിരുന്നു.
ഒരു മെട്രോ സ്റ്റേഷൻ പാർക്കിംഗിന്റെ എൻട്രി പോയിന്റിലെ ഓവർഹെഡ് ഹൈറ്റ് ബാരിയറിലാണ് ബസ് ഇടിച്ചത്. അപകടത്തിൽ ബസിന്റെ മുകളിലെ ഇടത് ഭാഗം തകർന്നിരുന്നു.
സംഭവത്തിൽ ഒമാൻ സ്വദേശിയായ ബസ് ഡ്രൈവർക്ക് ഏഴ് വർഷം തടവും 3.4 മില്യൺ ദിർഹം പിഴയും കോടതി വിധിച്ചു. ഈ പണം മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.
ബന്ധുക്കൾക്കൊപ്പം അവധിക്കാലം ചിലവഴിച്ച് മസ്കറ്റിൽ നിന്ന് മടങ്ങുന്നതിനിടെയാണ് മിർസ അപകടത്തിൽപ്പെട്ടത്. മിർസയെ ചികിത്സയ്ക്കായി ദുബായിയിലെ ആശുപത്രിയിൽ രണ്ട് മാസത്തിലേറെ പ്രവേശിപ്പിച്ചിരുന്നു. 14 ദിവസം അബോധാവസ്ഥയിലായിരുന്ന അദ്ദേഹം അതിനുശേഷം ഒരു പുനരധിവാസ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു.
അപകടത്തിൽ മിർസയ്ക്ക് മസ്തിഷ്ക ക്ഷതമാണ് സംഭവിച്ചത്. അതിനാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർമാർ പറഞ്ഞു. കൂടാതെ, തലയോട്ടി, ചെവി, വായ, ശ്വാസകോശം, കൈകൾ, കാലുകൾ എന്നിവയ്ക്കേറ്റ പരിക്കുകളും ഫോറൻസിക് മെഡിക്കൽ വിദഗ്ധർ വിലയിരുത്തിയിരുന്നു.