പരിക്ക് വില്ലനായി, കെയ്ൻ വില്യംസണിനു ലോകകപ്പ് നഷ്ടമായേക്കും
Thursday, April 6, 2023 11:53 AM IST
വെല്ലിംഗ്ടൺ: ന്യൂസിലൻഡ് ക്രിക്കറ്റ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിന് ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് നഷ്ടമാകുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ഫീൽഡിംഗ് ചെയ്യുന്നതിനിടെ കെയ്ൻ വില്യംസണിന്റെ വലത് കാൽമുട്ടിന് പരിക്കേൽക്കുകയായിരുന്നു.
കെയ്ൻ വില്യംസണിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് പറയുന്നു. ഒക്ടോബറിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കാൻ വില്യംസണിന് സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് പരിശീലകൻ ഗാരി സ്റ്റെഡ് പറഞ്ഞു. വില്യംസണിന്റെ അഭാവം വലിയ തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാഭാവികമായും ഇത്തരമൊരു പരിക്ക് നിരാശാജനകമാണ്, പക്ഷേ ഇപ്പോൾ തന്റെ ശ്രദ്ധ സർജറി നടത്തി തിരിച്ചുവരുന്നതിലാണെന്നും വില്യംസൺ പ്രസ്താവനയിൽ പറഞ്ഞു.