തണ്ണീർമുക്കം ബണ്ട് ഏപ്രിൽ 10ന് തുറക്കും
Tuesday, April 4, 2023 7:55 PM IST
ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഏപ്രിൽ 10ന് തുറക്കാൻ തീരുമാനിച്ചു. കൃഷിമന്ത്രി പി.പ്രസാദിന്റെ അധ്യക്ഷതയിൽ ആലപ്പുഴ കളക്ട്രേറ്റിൽ ചേർന്ന ഉപദേശക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.
വേമ്പനാട് കായൽ സംരക്ഷണത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്ന് കൃഷി മന്ത്രി പറഞ്ഞു. നെൽകർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ക്രമീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കാർഷിക കലണ്ടർ പ്രകാരം തന്നെ കൃഷിയിറക്കി മുന്നോട്ടുപോകാൻ ശ്രമിക്കണമെന്ന് യോഗത്തിൽ മന്ത്രി നിർദേശിച്ചു.
ഇനിയും കൊയ്ത്ത് പൂർത്തിയാക്കാനുള്ള കൈനകരി, ചിത്തിര പാടശേഖരങ്ങളിലെ കൊയ്ത്ത് ഏപ്രിൽ 10-നകം പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം ഓരു ജലം കയറാത്ത സംവിധാനം ഉറപ്പാക്കണമെന്നും ജില്ലാ കളക്ടർ ഹരിത വി. കുമാർ നിർദേശിച്ചു.
ബണ്ട് തുറക്കുമ്പോൾ കായലിൽ നിന്നുള്ള വെള്ളം കൊയ്ത്ത് പൂർത്തിയാകാത്ത പാടശേഖരങ്ങളിൽ കയറുന്നില്ലെന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർമാർ ഉറപ്പു വരുത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.