സന മരിൻ പുറത്ത്; ഫിൻലൻഡിൽ ഭരണമാറ്റം
Monday, April 3, 2023 10:04 AM IST
ഹെൽസിൻകി: ആഗോള ഭരണാധികാരി പട്ടികയിൽ ചെറുപ്പം കൊണ്ട് ശ്രദ്ധ നേടിയ പ്രധാനമന്ത്രി സന മരിനെ അധികാരത്തിൽ നിന്ന് പുറത്താക്കി ഫിന്നിഷ് ജനത. ഞായറാഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ മരിന്റെ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റ്സ് മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
വോട്ടെണ്ണലിനൊടുവിൽ പ്രതിപക്ഷ കക്ഷിയായ നാഷണൽ കോലിഷൻ പാർട്ടി(എൻസിപി) 20.8 ശതമാനം വോട്ടുമായി ഒന്നാം സ്ഥാനത്തെത്തി. തീവ്ര വലതുപക്ഷ കക്ഷിയായ ദ ഫിൻസ്(20.1 ശതമാനം) രണ്ടാം സ്ഥാനത്തെത്തിയപ്പോൾ സോഷ്യൽ ഡെമോക്രാറ്റ്സ് 19.9 ശതമാനം വോട്ടുമായി മൂന്നാമതായി.
മുൻ ധനമന്ത്രിയും എൻസിപി നേതാവുമായ പെറ്റേരി ഒർപ്പോ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഫലം വന്നയുടൻ, ഫിൻസുമായി സഹകരിച്ച് സർക്കാർ രൂപീകരിക്കുമെന്ന് ഒർപ്പോ വ്യക്തമാക്കി.
വോട്ടുവിഹിതം അനുസരിച്ചാണ് എഡസ്കന്റ എന്നറിയപ്പെടുന്ന ഫിന്നിഷ് പാർലമെന്റിൽ പാർട്ടികൾക്കുള്ള എംപിമാരുടെ എണ്ണം നിശ്ചയിക്കുന്നത്. ഏറ്റവും കൂടുതൽ വോട്ട് നേടിയ എൻസിപിക്ക് പാർലമെന്റിൽ 48 സീറ്റുകൾ ലഭിക്കുമെന്നാണ് സൂചന. ഫിൻസിന് 46 സീറ്റും സോഷ്യൽ ഡെമോക്രാറ്റ്സിന് 43 സീറ്റും ലഭിക്കും.
പരമ്പരാഗത നോർഡിക് ചേരിചേരാ നയം ഉപേക്ഷിച്ച്, റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ എതിർക്കുകയും നാറ്റോ സഖ്യത്തിൽ ചേരാൻ അപേക്ഷ സമർപ്പിക്കുകയും ചെയ്ത മരിൻ സർക്കാരിന് തിരിച്ചടിയായത് സാമ്പത്തിക നയങ്ങളാണ്.
കോവിഡ് കാലത്തെ സർക്കാരിന്റെ പ്രതിരോധപ്രവർത്തനങ്ങൾ പ്രശംസ പിടിച്ചുപറ്റിയെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക നിലയിലും കോട്ടം തട്ടിയിരുന്നു. പുതുതായി അധികാരമേൽക്കുന്ന എൻസിപി - ഫിൻസ് സഖ്യം വൻ സാമ്പത്തിക പരിഷ്കാരങ്ങൾ വരുത്തുമെന്നാണ് സൂചന. റഷ്യയുടെ യുദ്ധനയങ്ങളെ എതിർക്കുന്നത് തുടരുമെന്ന് സഖ്യം വ്യക്തമാക്കിയിട്ടുണ്ട്.