ബീഹാറിൽ സ്ഫോടനം; അഞ്ച് പേർക്ക് പരിക്ക്
Sunday, April 2, 2023 11:21 AM IST
പാറ്റ്ന: ബീഹാറിലെ സസാറാം പട്ടണത്തിലുണ്ടായ ബോംബ് സ്ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാമനവമി ആഘോഷങ്ങൾക്ക് പിന്നാലെ ബീഹാറിലെ വിവിധയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. സസാറാമില്‍ ശനിയാഴ്ച വൈകീട്ട് വീണ്ടും സംഘര്‍ഷം നടന്നു. ഇതിനു പിന്നാലെയാണ് സ്ഫോടനം നടന്നത്.
ഒരു കുടിലിലാണ് സ്ഫോടനം നടന്നതെന്നും പ്രദേശത്തുനിന്ന് ഒരു സ്കൂട്ടി കണ്ടെടുത്തതായും പോലീസ് വ്യക്തമാക്കി. ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബീഹാര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
സസാറാമില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പോലീസ്, സ്പെഷല്‍ ടാസ്ക് ഫോഴ്സ്, അര്‍ധ സൈനിക വിഭാഗം തുടങ്ങിയവ നഗരത്തില്‍ ഫ്ളാഗ് മാര്‍ച്ച് നടത്തി. നളന്ദയില്‍ ബജ്റംഗദള്‍ സംഘടിപ്പിച്ച രാമനവമി ഘോഷയാത്രയ്ക്കു നേരെയുണ്ടായ കല്ലേറിനെ തുടര്‍ന്നാണ് അക്രമം വ്യാപിച്ചത്.
ബീഹാറിലെ നാലു ജില്ലകളിലാണ് അക്രമം നടന്നത്. 45 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സസാറാമിനു പുറമേ നളന്ദയിലും നിരോധനാജ്ഞ പ്രഖ്യാപിച്ച് ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തി.