മാർപാപ്പ ആശുപത്രി വിട്ടു
Saturday, April 1, 2023 6:22 PM IST
വത്തിക്കാൻ സിറ്റി: മൂന്നു ദിവസത്തെ ചികിത്സയ്ക്കു ശേഷം ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു. ആശുപത്രിയിൽനിന്നും മടങ്ങിയ മാർപാപ്പ തന്നെ കാത്തുനിന്നവരോട് തമാശ പങ്കുവച്ചാണ് മടങ്ങിയത്. താൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മാധ്യമപ്രവർത്തകരും വിശ്വാസികളുമാണ് ആശുപത്രി കവാടത്തിൽ മാർപാപ്പയെ കാണാൻ കാത്തുനിന്നത്. കാത്തുനിന്നവർക്കു നേരെ കാറിലിരുന്ന് പുഞ്ചിരിച്ച അദ്ദേഹം കൈവീശി കാണിച്ചാണ് മടങ്ങിയത്. ആശുപത്രിയിൽനിന്നും മാർപാപ്പ വത്തിക്കാനിലെ താമസസ്ഥലമായ സാന്താ മാർത്ത ഹോമിലേക്കു മടങ്ങി.
റോമിലെ ജെമെല്ലി ആശുപത്രിയിലാണ് ഫ്രാൻസിസ് മാർപാപ്പ ചികിത്സ തേടിയത്. ഓശാന ഞായറിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന തിരുക്കർമങ്ങൾക്കു ഫ്രാൻസിസ് മാർപാപ്പ കാർമികത്വം വഹിക്കും.