ഹരിത കര്‍മസേനയ്ക്ക് യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ വസ്തു നികുതിയില്‍നിന്ന് ഈടാക്കും: ഉത്തരവിറങ്ങി
Saturday, April 1, 2023 8:11 PM IST
തിരുവനന്തപുരം: ഹരിത കര്‍മസേനയ്ക്ക് യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ വസ്തു നികുതിയോടൊപ്പം കുടിശികയായി കണക്കാക്കാന്‍ തീരുമാനം. തദ്ദേശസ്വയംഭരണവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. ഇന്നു മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.
കുടുംബശ്രീ മിഷന് കീഴില്‍ വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം ശേഖരിക്കുന്നവരാണ് ഹരിത കര്‍മസേന. തദ്ദേശ സ്ഥാപനങ്ങളുടെ സ്വഭാവവും പ്രദേശത്തിന്റെ പ്രത്യേകതയും അനുസരിച്ച് 50 മുതല്‍ 100 രൂപവരെയാണ് പ്രതിമാസം ഈടാക്കുന്നത്.
യൂസര്‍ ഫീ നല്കാന് ആളുകള്‍ തയാറാകുന്നില്ലെന്നുള്ള പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് പുതിയ തീരുമാനം. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് യൂസര്‍ ഫീ നല്‍കാതെ കുടിശിക വരുത്തിയാല്‍ അത് വസ്തു നികുതിക്കൊപ്പം ഈടാക്കാം.
എപിഎല്‍-ബിപിഎല്‍ വ്യത്യാസമടക്കം ഒന്നും പരിഗണിക്കാതെ എല്ലാവര്ക്കും ബാധകമാകുന്ന വിധത്തിലാണ് ഉത്തരവ്. ഏതെങ്കിലും വിഭാഗത്തെ ഒഴിവാക്കേണ്ടതുണ്ടെങ്കില് അക്കാര്യം തീരുമാനിക്കേണ്ടതും അതാത് തദ്ദേശ സ്ഥാപനങ്ങളാണ്. യൂസര്‍ ഫീ നല്‍കാത്തവര്‍ക്ക് ഹരിതകര്‍മ്മ സേനയുടെ സേവനം നിഷേധിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്.
സ്വന്തമായി പുരയിടമുള്ളവര്‍ക്ക് പോലും അജൈവമാലിന്യം കുഴിച്ചിടാനോ കത്തിച്ച് കളയാനോ നിലവില്‍ വ്യവസ്ഥയില്ല.