തല താഴ്ന്നു; ഗുജറാത്തിന് ജയതുടക്കം
Saturday, April 1, 2023 12:11 AM IST
അഹമ്മദാബാദ്: ഐപിഎൽ പതിനാറാം സീസണിലെ ആദ്യ മത്സരത്തിൽ ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിന് വിജയതുടക്കം. മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് നിലവിലെ ചാന്പ്യൻമാരുടെ വിജയ തേരോട്ടം. സ്കോർ: ചെന്നൈ 178-7 (20), ഗുജറാത്ത് 182-5 (19.2).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്കായി വെടിക്കെട്ട് പ്രകടനമാണ് ഋതുരാജ് ഗെയ്വാദ് കാഴ്ചവച്ചത്. 50 പന്തിൽ ഒൻപത് സിക്സും നാല് ഫോറും ഉൾപ്പെടെ 92 റണ്‍സാണ് ഗെയ്ക്വാദ് അടിച്ചെടുത്തത്. മോയിൻ അലി 23 റണ്‍സും നേടി. റായിഡു 12 റണ്‍സും ശിവം ദുബെ 19 റണ്‍സുമെടുത്തു. ധോണി പുറത്താകാതെ 14 റണ്‍സ് നേടി.
ഗുജറാത്തിനായി മുഹമ്മദ് ഷമി, റാഷിദ് ഖാൻ, അൽസാരി ജോസഫ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിനായി ഓപ്പറണറുമാർ മികച്ച തുടക്കമാണ് കുറിച്ചത്. ഓപ്പണറുമാരായ വൃദ്ധിമാൻ സാഹ 25 റണ്‍സും ശുഭ്മാൻ ഗിൽ 36 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും ഉൾപ്പെടെ 63 റണ്‍സുമെടുത്തു. സായി സുദർശൻ 22 റണ്‍സും വിജയ് ശങ്കർ 27 റണ്‍സും നേടി. അവസാന പന്തുകളിൽ തകർത്തടിച്ച രാഹുൽ തെവാട്ടിയ (15). റാഷിദ് ഖാൻ (10) എന്നിവരാണ് ഗുജറാത്തിനെ വിജയത്തിലെത്തിച്ചത്. ചെന്നൈയ്ക്കായി രാജ് വർധൻ ഹംഗർഗേക്കർ മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഐപിഎല്‍ ചരിത്രത്തിലെ ആദ്യ ഇംപാക്റ്റ് പ്ലെയറായി ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തുഷാര്‍ ദേശ്പാണ്ഡെ ഇന്ന് കളത്തിലിറങ്ങി. ഗുജറാത്തിനായി കെയ്ന്‍ വില്യംസണു പകരം സായ് സുദര്‍ശനും ഇംപാക്റ്റ് പ്ലെയറായി കളത്തിലെത്തി. ഫീല്‍ഡിംഗിനിടെ വില്യംസണു പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു സായി കളത്തിലെത്തിയത്.