ആർഎസ്എസിനെ കൗരവരോട് ഉപമിച്ചു; രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ്
Friday, March 31, 2023 11:43 PM IST
ന്യൂഡൽഹി: ആർഎസ്എസിനെ 21-ാം നൂറ്റാണ്ടിലെ കൗരവരെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ്. ആര്‍എസ്എസ് അനുഭാവിയായ കമൽ ഭണ്ഡോരിയയാണ് ഹരിദ്വാര്‍ കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.
ജനുവരിയിൽ ഭാരത് ജോഡോ യാത്രയുടെ ഹരിയാന പര്യടനത്തിനിടെ നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. ജോഡോ യാത്രയെ പാണ്ഡവ കാലഘട്ടത്തിലെ ഐക്യത്തോട് ഉപമിച്ച് നടത്തിയ പരാമർശത്തിനൊപ്പമാണ് രാഹുൽ ആർഎസ്എസിനെ കൗരവർ എന്ന് സംബോധന ചെയ്തത്.
21-ാം നൂറ്റാണ്ടിലെ കൗരവർ കാക്കി ട്രൗസർ ധരിക്കുന്നതായും കൈയിൽ ലാത്തി പിടിച്ച് ശാഖയിൽ പോവുകയും ചെയ്യുന്നതായും രാഹുൽ പ്രസ്താവിച്ചിരുന്നു.
ഇന്ത്യയിലെ ശതകോടീശ്വരന്മാർ കൗരവർക്കൊപ്പം നിൽക്കുന്നു. പാണ്ഡവരോടൊപ്പം എല്ലാ മതത്തിൽപ്പെട്ടവരും ഉണ്ടായിരുന്നു; ഭാരത് ജോഡോ യാത്ര പോലെ. പാണ്ഡവർ അനീതിക്കെതിരെ നിലകൊണ്ടിരുന്നു.
നോട്ട് നിരോധനം, തെറ്റായ ജിഎസ്ടി, കാർഷിക നിയമങ്ങൾ എന്നിവ ഈ നാട്ടിലെ തപസ്വികളിൽ നിന്ന് മോഷ്ടിക്കാനുള്ള മാർഗമാണെന്ന് അവർക്ക്(ബിജെപിക്ക്) അറിയാമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ തീരുമാനങ്ങളിൽ ഒപ്പുവച്ചുവെന്നും രാഹുൽ പറഞ്ഞു.
രാഹുലിനെതിരായ ഹർജി ഏപ്രിൽ 12ന് പരിഗണിച്ചേക്കുമെന്നാണ് സൂചന. നേരത്തെ മോദി സമുദായത്തിനെതിരെ പരാമർശം നടത്തിയെന്ന് ആരോപിച്ച് ബിഹാറിലും രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.