മോദിയുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് തെരയേണ്ടെന്ന് കോടതി; കേജരിവാളിന് പിഴ
Friday, March 31, 2023 8:41 PM IST
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റിന്റെ വിവരങ്ങൾ തേടാനായി കേന്ദ്ര വിവരാവകാശ കമ്മീഷൻ(സിഐസി) നൽകിയ ഉത്തരവ് റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി. സിഐസിയുടെ ഉത്തരവിനെതിരെ ഗുജറാത്ത് സർവകലാശാല നൽകിയ ഹർജിയിലാണ് ഈ തീരുമാനം.
പ്രധാനമന്ത്രിയുടെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ നൽകിയ വിവരാവകാശ അപേക്ഷ പരിഗണിച്ചാണ് സർവകലാശാലയ്ക്ക് സിഐസി തെരച്ചിൽ ഉത്തരവ് നൽകിയത്.
ഇതിനെതിരെ സർവകലാശാല നൽകിയ ഹർജിക്കൊടുവിൽ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ട കേജരിവാളിന് കോടതി 25,000 രൂപ പിഴ വിധിച്ചു. നാല് ആഴ്ചയ്ക്കുള്ളിൽ ഗുജറാത്ത് ലീഗൽ സർവീസ് അതോറിറ്റി മുമ്പാകെ പിഴ അടയ്ക്കണമെന്നാണ് ഉത്തരവ്.
തങ്ങൾക്ക് തെരച്ചിൽ ഉത്തരവ് നൽകുന്നതിനുള്ള അധികാരം സിഐസിക്ക് ഇല്ലെന്നും ഇത്തരമൊരു നീക്കം നടത്തുന്നതിന് മുമ്പായി വേണ്ട രീതിയിൽ ആശയവിനിമയം നടത്തിയില്ലെന്നും ആരോപിച്ചാണ് ഗുജറാത്ത് സർവകലാശാല ഹൈകോടതിയെ സമീപിച്ചത്.
1978-ൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദവും 1983-ൽ ഗുജറാത്ത് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയെന്നാണ് മോദി വെളിപ്പെടുത്തിയിട്ടുള്ളത്.